പാലക്കാട്: കണ്ണാടി ഗ്രാമപഞ്ചായത്തിൽ 5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ ആധുനിക ഓഡിറ്റോറിയത്തിന് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി രമേശ് പിഷാരടി എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ യോഗം ചേരുകയും നിർദ്ദിഷ്ട സ്ഥലം സന്ദർശിക്കുകയും ചെയ്തു.
കണ്ണാടി പറക്കുളത്തെ ആയുർവേദ ആശുപത്രിക്ക് സമീപമുള്ള സർക്കാർ ഭൂമിയിൽ 12,300 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ട് നിലകളിലായാണ് ഓഡിറ്റോറിയം നിർമ്മിക്കുന്നത്. നിർമ്മാണ ഏജൻസിയായ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന് സ്ഥലം എത്രയും വേഗം കൈമാറാൻ യോഗത്തിൽ എം.എൽ.എ നിർദ്ദേശം നൽകി. പദ്ധതി പ്രദേശത്ത് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന വാട്ടർ ടാങ്ക് പൊളിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോടുകൂടി സജ്ജമാക്കുന്ന ഓഡിറ്റോറിയത്തിൽ 500 പേർക്ക് ഒരേസമയം ഇരിക്കാൻ സൗകര്യമുണ്ടാകും. ഇതിനുപുറമെ ആധുനിക അടുക്കള, ഡൈനിംഗ് ആവശ്യങ്ങൾക്കും ഉപകരിക്കുന്ന വിശാലമായ പാർക്കിംഗ് ഏരിയ എന്നിവയും പദ്ധതിയിലുണ്ട്. പൊതുജനങ്ങൾക്കും വിവിധ സംഘടനകൾക്കും സാംസ്കാരിക-സാമൂഹിക-വിദ്യാഭ്യാസ പരിപാടികളും വിവാഹങ്ങളും നടത്തുന്നതിന് അനുയോജ്യമായ രീതിയിലാണ് ഓഡിറ്റോറിയം വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കണ്ണാടി ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പുതിയൊരു അധ്യായത്തിനാണ് തുടക്കമാകുന്നത്.
കണ്ണാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. രാകേഷ്, മറ്റ് ജനപ്രതിനിധികൾ, നിർമ്മാണ ഏജൻസി പ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

