കോട്ടയം: വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ചാമ്പ്യൻസ് ബോട്ട് ലീഗിലെ (CBL) താഴത്തങ്ങാടി മത്സര വള്ളംകളിയിൽ അരോമ ചുണ്ടൻ ജേതാക്കളായി. ആവേശകരമായ കലാശപ്പോരിൽ മൂന്നു മിനിറ്റ് 21.227 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കൊല്ലം പരവൂർ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടൻ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ (3 മിനിറ്റ് 21.802 സെക്കൻഡ്) രണ്ടാം സ്ഥാനവും, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ (3 മിനിറ്റ് 21.925 സെക്കൻഡ്) മൂന്നാം സ്ഥാനവും നേടി. വീയപുരം, ചെറുതന, ആർപ്പൂക്കര, പുണ്യാളൻ നിരണം, നടുഭാഗം, തലവടി എന്നിവയാണ് യഥാക്രമം നാല് മുതൽ ഒൻപത് വരെയുള്ള സ്ഥാനങ്ങളിലെത്തിയത്.

