തൊഴിൽ മേഖലയെ എഐ സാങ്കേതികവിദ്യയിലൂടെ മെച്ചപ്പെടുത്തും: മന്ത്രി ഷിബു ബേബി ജോൺ

ചവറ: കൃത്രിമബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തി ചവറ മണ്ഡലത്തിലെ തൊഴിൽ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് വനം, വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. ചവറ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന പഞ്ചായത്തുതല പദ്ധതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ മന്ത്രി പ്രഖ്യാപിച്ചു. ഭിന്നശേഷി കുട്ടികൾക്കായി നിലവിലുള്ള ബഡ്‌സ് സ്‌കൂളുകൾക്ക് പുറമേ ബഡ്‌സ് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ കൂടി ആരംഭിക്കും. പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനായി പുതിയ കർമ്മപദ്ധതികൾ വരാനിരിക്കുന്ന ബജറ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കും. മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കകൾക്കും കാട്ടുപന്നി ശല്യത്തിനും ശാശ്വത പരിഹാരം കാണുമെന്നും കഠിനാധ്വാനം ചെയ്യുന്ന ഹരിതകർമസേനാംഗങ്ങൾക്ക് ആശ്വാസമായി ശീതീകരണ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

അടുത്ത നാല് വർഷത്തെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട് പഞ്ചായത്തിന്റെ വിവിധ വികസന ആവശ്യങ്ങൾ ഉൾപ്പെടുത്തിയ വിശദമായ നിവേദനം ജനപ്രതിനിധികൾ യോഗത്തിൽ മന്ത്രിക്ക് കൈമാറി. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.ആർ. ജയപ്രകാശ് പഞ്ചായത്തിന്റെ പ്രധാന ആവശ്യങ്ങൾ വിശദീകരിച്ചു.

ഹോമിയോ ആശുപത്രി സ്ഥാപിക്കൽ, ബഡ്‌സ് സ്‌കൂൾ വികസനം, തെരുവ് നായ്ക്കൾക്കുള്ള ഷെൽട്ടർ ഹോം നിർമ്മാണം, ചവറ ബസ് സ്റ്റാൻഡ് നവീകരണം, തെരുവുകളിൽ ഹൈമാസ്റ്റ്-ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവ നിവേദനത്തിൽ ഉന്നയിച്ചു. കൂടാതെ, അഷ്ടമുടിക്കായലിന്റെ മനോഹാരിത പ്രയോജനപ്പെടുത്തി സഞ്ചാരികളെയും പ്രദേശവാസികളെയും ആകർഷിക്കുന്ന ചിൽഡ്രൻസ് പാർക്ക് നിർമ്മാണം, യുവാക്കൾക്കായുള്ള നൈപുണ്യ വികസന പദ്ധതികൾ, തകർന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയവയും യോഗത്തിൽ ചർച്ചയായി.

യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ഐ. ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം ശരത്ത് പട്ടത്താനം, ചവറ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ബി. രേഖ, കുടുംബശ്രീ പ്രവർത്തകർ, വയോജന ക്ലബ് അംഗങ്ങൾ, ബഡ്‌സ് സ്‌കൂൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *