മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന പേപ്പതിപാറ റോഡിലെ തുരുത്തിക്കര പാലത്തിന്റെ തകർന്ന കൈവരിയുടെ പുനർനിർമ്മാണം വർഷങ്ങൾക്കുശേഷം പുനരാരംഭിച്ചു. വർഷങ്ങൾക്കു മുൻപുണ്ടായ വാഹനാപകടത്തിലാണ് പാലത്തിന്റെ കൈവരികൾ തകർന്നത്. ഇതോടെ അപകടഭീതിയിലാണ് കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഇതുവഴി കടന്നുപോയിരുന്നത്.
പാലത്തിലെ രൂക്ഷമായ അപകടസാധ്യത മുൻനിർത്തി കൈവരി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്, വൈസ് പ്രസിഡന്റ് മഞ്ജു എന്നിവർ തൃപ്പൂണിത്തുറ പി.ഡബ്ല്യു.ഡി റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ കൈവരിയുടെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഭയമില്ലാതെ യാത്ര ചെയ്യാൻ സാധിക്കുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.
ഇതിനുപുറമെ, സമീപത്തെ കൽവർട്ട് പുനർനിർമ്മിക്കുന്നതിനും പഞ്ചായത്ത് അധികൃതർ കത്ത് നൽകിയിട്ടുണ്ട്. കൽവർട്ട് നിർമ്മാണവും ഉടൻതന്നെ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് വ്യക്തമാക്കി.

