മെൽബൺ: മെൽബണിലെ പ്രമുഖ അക്വാട്ടിക് സെന്ററിലെ ഫാമിലി ചെയ്ഞ്ചിംഗ് റൂമിൽ ഒളിക്യാമറ ഉപയോഗിച്ച് സന്ദർശകരുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ 62-കാരൻ അറസ്റ്റിലായി. പ്രതിക്കെതിരെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പകർത്തിയതടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. കൂടാതെ ഇയാളെ കൗൺസിലിന്റെ കീഴിലുള്ള മുഴുവൻ കായിക കേന്ദ്രങ്ങളിൽ നിന്നും ആജീവനാന്തം വിലക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കെയ്‌ലോർ ഡൗൺസിലുള്ള ബ്രിംബാങ്ക് അക്വാട്ടിക് ആൻഡ് വെൽനസ് സെന്ററിലായിരുന്നു സംഭവം. ഭാര്യയ്ക്കും ചെറിയ കുട്ടികൾക്കുമൊപ്പം ഫാമിലി ഡ്രസ്സിംഗ് റൂമിലെത്തിയ ഒരു കുടുംബമാണ് വാതിലിന്റെ വിടവിലൂടെ താഴെനിന്ന് ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബഹളം വെച്ചത്. ഇതോടെ ചോദ്യം ചെയ്യപ്പെട്ട പ്രതി, പകർത്തിയ വീഡിയോ ഡിലീറ്റ് ചെയ്യുകയും ഫോൺ അടുത്തുള്ള വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിയുകയുമായിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്ന ലൈഫ് ഗാർഡ് ഉടൻതന്നെ ഫോൺ കണ്ടെത്തുകയും, അഞ്ചു മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയ പോലീസ് ഫോണിലെ ‘റീസന്റ്‌ലി ഡിലീറ്റഡ്’ ഫോൾഡറിൽ നിന്ന് ദൃശ്യങ്ങൾ വീണ്ടെടുക്കുകയും ചെയ്തു.
തുടർന്ന് കരോലിൻ സ്പ്രിങ്സ് സ്വദേശിയായ 62-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങൾ നിർമ്മിച്ചതിനും കേസെടുത്തിട്ടുണ്ട്. നിലവിൽ ജാമ്യത്തിലിറങ്ങിയ ഇയാളെ മാർച്ച് 23-ന് സൺഷൈൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ ആളുകൾ ഇരയായിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണെന്നും അധിക വകുപ്പുകൾ ചുമത്താൻ സാധ്യതയുണ്ടെന്നും വിക്ടോറിയ പോലീസ് അറിയിച്ചു.
സംഭവത്തിൽ അഗാധമായ ആശങ്ക രേഖപ്പെടുത്തിയ ബ്രിംബാങ്ക് കൗൺസിൽ, ഇയാളുടെ അംഗത്വം പൂർണ്ണമായി റദ്ദാക്കിയതായും സെന്ററുകളിലെ ഡ്രസ്സിംഗ് റൂമുകളിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തുമെന്നും വ്യക്തമാക്കി. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവരോ മറ്റെന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരോ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

