സിഡ്‌നിയിൽ ദീപാവലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം; ഒത്തുചേർന്ന് പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇന്ത്യൻ സമൂഹവും

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഹിന്ദു കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സിഡ്‌നിയിൽ ദീപാവലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം. ഇന്ത്യൻ പാരമ്പര്യ തനിമയും ഒരുമയുടെ സന്ദേശവും വിളിച്ചോതി സംഘടിപ്പിച്ച വിവിധ പരിപാടികളിൽ രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തികളും കുടുംബങ്ങളും ഒത്തുചേർന്നു.

ഒക്ടോബർ 16-ന് ബി.എ.പി.എസ് ശ്രീ സ്വാമിനാരായൺ ഹിന്ദു മന്ദിർ ആന്റ് കൾച്ചറൽ പ്രിസിങ്ക്റ്റിൽ നടന്ന ചടങ്ങിൽ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി. എൻ.എസ്.ഡബ്ല്യു ട്രഷറർ ഡാനിയൽ മൂഖി, പരമറ്റ എം.പി ഡോണ ഡേവിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഓസ്‌ട്രേലിയയുടെ ബഹുസ്വര സംസ്കാരത്തിന് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ നേതാക്കൾ പ്രശംസിച്ചു.

തുടർന്ന് ഒക്ടോബർ 25 ഞായറാഴ്ച വെസ്റ്റേൺ സിഡ്‌നിയിലെ ബ്ലാക്ക്‌ടൗൺ ഷോ ഗ്രൗണ്ടിൽ ഹിന്ദു കൗൺസിൽ സംഘടിപ്പിച്ച ദീപാവലി മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാമായണ ദൃശ്യാവിഷ്കാരം, രാവണ ദഹനം, വൈവിധ്യമാർന്ന കലാപരിപാടികൾ, പരമ്പരാഗത വിഭവങ്ങൾ, കുട്ടികൾക്കായുള്ള അമ്യൂസ്‌മെന്റ് റൈഡുകൾ, വർണ്ണശബളമായ കരിമരുന്ന് പ്രയോഗം എന്നിവ മേളയ്ക്ക് മാറ്റ് കൂട്ടി.

പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ പ്രതിനിധീകരിച്ച് ക്യാബിനറ്റ് സെക്രട്ടറിയും പരമറ്റ എം.പിയുമായ ഡോ. ആൻഡ്രൂ ചാർൾട്ടൺ, കേന്ദ്ര കൽക്കരി-ഖനി വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി, പ്രീമിയർ ക്രിസ് മിൻസ്, സെനറ്റർ ഡേവ് ശർമ്മ, ബെറോറ എം.പി ജൂലിയൻ ലീസർ, എൻ.എസ്.ഡബ്ല്യു പ്രതിപക്ഷ നേതാവ് കെല്ലി സ്ലോൺ, എം.പിമാരായ ചരിഷ്മ കാളിയണ്ട, വാറൻ കിർബി, സ്റ്റീഫൻ ബാലി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ ബ്ലാക്ക്‌ടൗണിലെ പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും സിഡ്‌നിയിലെ വിവിധ കൗൺസിലുകളുടെ നേതൃത്വത്തിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾ തുടരും.

Leave a Reply

Your email address will not be published. Required fields are marked *