കാണാതായ 15-കാരി സുരക്ഷിതയെന്ന് പോലീസ്; വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി കുടുംബവും സിഖ് സമൂഹവും

മെൽബൺ: ഓസ്‌ട്രേലിയയിലെ വാലൻ സെക്കൻഡറി കോളേജിൽ നിന്ന് കാണാതായ 15 വയസ്സുകാരി കൃഷ്‌ലീൻ കൗറിനെ പോലീസ് കണ്ടെത്തിയെങ്കിലും വീട്ടിലേക്ക് മടങ്ങാൻ പെൺകുട്ടി വിസമ്മതിച്ചതായി വിവരം. ഇതേത്തുടർന്ന് കുട്ടിയെ നേരിൽ കാണണമെന്നും ബന്ധപ്പെടാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും സിഖ് സമൂഹത്തിലെ അംഗങ്ങളും ചൊവ്വാഴ്ച സ്കൂളിന് മുന്നിൽ ഒത്തുകൂടി പ്രതിഷേധിച്ചു. കുട്ടി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചെങ്കിലും തങ്ങൾക്ക് നേരിട്ട് സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

കഴിഞ്ഞ ഒക്ടോബർ 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 ഓടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കൃഷ്‌ലീൻ സ്കൂളിൽ നിന്ന് പോയത്. അച്ചടക്ക നടപടിയുടെ ഭാഗമായി പെൺകുട്ടിയെ സ്കൂളിൽ നിന്ന് അന്ന് സസ്‌പെൻഡ് ചെയ്തിരുന്നതായാണ് വിവരം. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ മാതൃസഹോദരിയായ മൻവീർ കൗർ എത്തിയപ്പോഴേക്കും കൃഷ്‌ലീൻ സുഹൃത്തുക്കൾക്കൊപ്പം സ്കൂൾ വിട്ടിരുന്നു. തുടർന്ന് കുടുംബം വാലൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.

അന്വേഷണത്തിനൊടുവിൽ കൃഷ്‌ലീനെ കണ്ടെത്തിയെന്നും കുട്ടി പൂർണ്ണ സുരക്ഷിതയാണെന്നും പോലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു. എന്നാൽ, തൽക്കാലം വീട്ടിലേക്ക് മടങ്ങാൻ കുട്ടിക്ക് താല്പര്യമില്ലെന്നാണ് പോലീസ് വ്യക്തമാക്കിയതെന്ന് മൻവീർ കൗർ പറഞ്ഞു. അതേസമയം, കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *