പെർത്ത്: വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നുവെന്ന ആശങ്ക ശക്തമായതിനെത്തുടർന്ന് വെസ്റ്റേൺ ഓസ്ട്രേലിയയിലെ വിവിധ കൗൺസിലുകൾ പൊതുസ്ഥലങ്ങളിൽ സ്മാർട്ട് ഗ്ലാസുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തുന്നു. മറ്റുള്ളവർ അറിയാതെ രഹസ്യമായി ചിത്രങ്ങളും വീഡിയോകളും ശബ്ദവും പകർത്താൻ ഇത്തരം സ്മാർട്ട് ഗ്ലാസുകളിലൂടെ സാധിക്കുമെന്നതാണ് ഭരണകൂടത്തെ കർശന നടപടിയിലേക്ക് നയിച്ചത്.
പെർത്തിൽനിന്ന് ഏകദേശം 270 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന കൊണ്ടിനിൻ കൗൺസിലാണ് നിരോധനം നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയത്. കൗൺസിലിന്റെ പരിധിയിലുള്ള നീന്തൽക്കുളങ്ങൾ, ലൈബ്രറികൾ, പൊതു ഓഫീസുകൾ, പൊതുശൗചാലയങ്ങൾ, കമ്യൂണിറ്റി ഹാളുകൾ, കൗൺസിലിന്റെ കീഴിൽ നടക്കുന്ന പൊതുപരിപാടികൾ എന്നിവിടങ്ങളിലാണ് സ്മാർട്ട് ഗ്ലാസുകളുടെ ഉപയോഗത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കൗൺസിലുകളും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നതായാണ് സൂചന.

