കൊച്ചി: മൂന്നാറിലെ അതീവ പരിസ്ഥിതിലോല മേഖലയായ ചൊക്രമുടിയിലെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട നടപടിയിൽ സർക്കാരിന് കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. മൂന്ന് പട്ടയങ്ങളിലായി പന്ത്രണ്ട് ഏക്കറോളം വരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചുപിടിച്ച റവന്യൂ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പട്ടയ ഉടമകളുടെ വാദം കേൾക്കുന്നതിനായി നാല് മാസത്തിനകം പുതിയ ഹിയറിംഗ് നടത്തി തുടർതീരുമാനമെടുക്കാൻ ദേവികുളം സബ് കളക്ടർക്ക് കോടതി നിർദ്ദേശം നൽകി.
ഭൂവുടമകൾക്ക് ആവശ്യമായ റവന്യൂ രേഖകൾ ഹാജരാക്കാനോ തങ്ങളുടെ ഭാഗം വിശദീകരിക്കാനോ ഉള്ള മതിയായ അവസരം നൽകാതെയാണ് സർക്കാർ തലത്തിൽ ഏകപക്ഷീയമായി പട്ടയം റദ്ദാക്കൽ നടപടി ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. ഭൂവുടമകൾക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഏഴ് തവണ അവസരങ്ങൾ നൽകിയിട്ടും അവർ ഹിയറിംഗിന് ഹാജരാകാത്ത സാഹചര്യത്തിലാണ് പട്ടയങ്ങൾ റദ്ദാക്കിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, കൈവശമുള്ള ഭൂമി സംബന്ധിച്ച നിർണായക രേഖകൾ ലഭ്യമാകുന്നതിനായി റവന്യൂ അധികൃതർക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നുവെന്നും, സർക്കാർ ഓഫീസുകളിൽ നിന്ന് ആ രേഖകൾ യഥാസമയം ലഭ്യമാകാത്തതിനാലാണ് കൃത്യസമയത്ത് ഹാജരാകാൻ കഴിയാതിരുന്നതെന്നും ഹർജിക്കാർ ഡിവിഷൻ ബെഞ്ചിന് മുൻപാകെ ബോധിപ്പിച്ചു.
ഹർജിക്കാരുടെ ഈ വാദം സ്വാഭാവിക നീതിയുടെ പരിധിയിൽ വരുന്നതാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, പട്ടയം റദ്ദാക്കിയ മുൻ ഉത്തരവ് അസാധുവാക്കുകയായിരുന്നു. ബന്ധപ്പെട്ട രേഖകൾ പൂർണ്ണമായി ശേഖരിച്ച് ഹാജരാക്കുന്നതിനായി ഹർജിക്കാർക്ക് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഹർജിക്കാർ സമർപ്പിക്കുന്ന രേഖകൾ പരിശോധിച്ച് അവരുടെ വാദം കൂടി കേട്ട ശേഷം, നാല് മാസത്തിനകം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ദേവികുളം സബ് കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

