കാൻബറ: ഓസ്ട്രേലിയയിലെ ഗ്രാമീണ മേഖലകളിൽ നിർബന്ധിത തൊഴിൽ ചെയ്യാതെ നഗരങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ബ്രിട്ടീഷ് ബാക്ക്പാക്കർമാർ നേരിട്ടെത്താൻ സഹായിക്കുന്ന പ്രത്യേക വിസ ഇളവുകളിൽ സമഗ്രമായ മാറ്റത്തിനൊരുങ്ങി പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഓസ്ട്രേലിയ–യുകെ സ്വതന്ത്ര വ്യാപാര കരാറിലെ വ്യവസ്ഥകൾ പ്രകാരം ലഭിക്കുന്ന ഈ ഇളവ് ദുരുപയോഗം ചെയ്യപ്പെടുന്നതായും, ബോണ്ടി ബീച്ച്, കൂജി തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളിലെ ഹോസ്പിറ്റാലിറ്റി ജോലികളിലേക്ക് മാത്രമായി യുകെ ബാക്ക്പാക്കർമാർ ചുരുങ്ങുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ ഉൾനാടൻ ഗ്രാമീണ മേഖലകളിൽ കടുത്ത തൊഴിലാളിക്ഷാമത്തിന് ഇടയാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നേരിട്ട് ചർച്ച ചെയ്യുമെന്നും മുൻപ് ഭേദഗതികൾ വരുത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഈ കരാറിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും പാർലമെന്റിൽ ആൽബനീസ് വ്യക്തമാക്കി. അതേസമയം, വർക്കിംഗ് ഹോളിഡേ വിസകളിൽ നിർദ്ദിഷ്ട ബാലറ്റ് സംവിധാനം കൊണ്ടുവരാനും മൂന്നാം വർഷ വിസകളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കാനുമുള്ള സർക്കാരിന്റെ നീക്കം വലിയ രാഷ്ട്രീയ-സാമ്പത്തിക വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. നിർദ്ദിഷ്ട പരിഷ്കാരങ്ങൾ പ്രകാരം മൂന്നാം വർഷ വിസകളുടെ എണ്ണം നിലവിലെ 31,000-ൽ നിന്ന് കേവലം 5,000 ആയി ചുരുക്കാനാണ് കേന്ദ്ര സർക്കാരിന്റെ ആലോചന.
എന്നാൽ, കാർഷിക-ടൂറിസം മേഖലകളിൽ ബാക്ക്പാക്കർമാരെ പൂർണ്ണമായി ആശ്രയിക്കുന്ന ഗ്രാമീണ മേഖലകൾക്ക് ഈ നീക്കം കനത്ത പ്രഹരമാകുമെന്ന് ചൂണ്ടിക്കാട്ടി ക്വീൻസ്ലാൻഡ് മുൻ ടൂറിസം മന്ത്രി മൈക്കൽ ഹീലി അടക്കമുള്ളവർ രംഗത്തെത്തി. രാജ്യത്തിന്റെ കാർഷിക-ഹോസ്പിറ്റാലിറ്റി സമ്പദ്വ്യവസ്ഥ തകരാൻ ഇത് കാരണമാകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിസ വെട്ടിക്കുറയ്ക്കൽ വലിയൊരു ദുരന്തമായി മാറുമെന്നും മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ സ്വന്തം പാർട്ടിക്കാരനായ ക്വീൻസ്ലാൻഡ് ലേബർ നേതാവ് സ്റ്റീവൻ മൈൽസും പദ്ധതിക്കെതിരെ പരസ്യവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ പ്രതിപക്ഷ പാർട്ടികളായ നാഷണൽസും വൺ നേഷനും ബാക്ക്പാക്കർമാരെ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളെ ശക്തമായി എതിർത്തു. നഗരങ്ങളിലെ പാർപ്പിട പ്രതിസന്ധിക്കും തൊഴിൽ പ്രശ്നങ്ങൾക്കും കാരണം ബാക്ക്പാക്കർമാരല്ലെന്നും, വിദ്യാർത്ഥി വിസകളിലെ അഭൂതപൂർവ്വമായ വർദ്ധനവാണ് നിയന്ത്രിക്കേണ്ടതെന്നും രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടി.

