കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം, കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചു. തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും കുടുംബത്തിന്റെ വാദങ്ങൾ കോടതി പരിഗണിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ജഡ്ജി നടത്തുന്നതെന്നാണ് കുടുംബത്തിന്റെ പ്രതികരണം. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും നാലുമണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായെന്നും ജഡ്ജി കോടതിയെ അറിയിച്ചിരുന്നു.
ജുഡീഷ്യൽ ഓഫീസറായതിനാൽ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന വാദം ഉന്നയിച്ച ജഡ്ജിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണെന്ന് കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു. പൊതുബോധത്തിന് കീഴടങ്ങാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, അന്വേഷണത്തോട് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി ജഡ്ജിയോട് നിർദേശിച്ചു.
ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിലാണ് കേസ്. അപകടത്തിൽ വാഹന ഉടമയും 17കാരന്റെ പിതാവുമായ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെയും കേസെടുത്തിരുന്നു.
കേസിൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയാണ് ഇപ്പോൾ കുടുംബത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയത്.

