താമരശ്ശേരി ചുരത്തിലെ യാത്രാദുരിതത്തിന് അറുതി വേണം; ലക്കിടിയിൽ വ്യാപാരികളുടെ ഉപവാസ സമരം

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ നിരന്തരമായ ഗതാഗതക്കുരുക്കിനും റോഡിന്റെ ശോചനീയാവസ്ഥയ്ക്കും അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ലക്കിടിയിലെ വയനാട് കവാടത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന സമരത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.

വയനാടിന്റെ ജീവനാഡിയായ താമരശ്ശേരി ചുരത്തിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് നിത്യേന അനുഭവപ്പെടുന്നത്. ഇത് വിനോദസഞ്ചാര മേഖലയെയും ജില്ലയുടെ സാമ്പത്തിക പുരോഗതിയെയും സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്. ചുരത്തിലെ മുഴുവൻ വളവുകളും വീതികൂട്ടി നവീകരിക്കുക, ഗതാഗതം നിയന്ത്രിക്കാൻ മുഴുവൻ സമയവും പോലീസിനെ നിയോഗിക്കുക, അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ ഉടനടി മാറ്റാൻ ക്രെയിൻ സംവിധാനം ഏർപ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇതിനുപുറമെ ചിപ്പിലിത്തോട്–തളിപ്പുഴ ചുരം ബൈപ്പാസ്, പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡ് എന്നിവ യാഥാർത്ഥ്യമാക്കണമെന്നും തുരങ്കപാത നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പക്രംതളം, പേരിയ, ബോയ്‌സ് ടൗൺ ചുരം റോഡുകൾ വീതികൂട്ടി നവീകരിക്കുക, വയനാട്ടിൽ വിമാനത്താവള നിർമ്മാണം തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെ ചുരത്തിൽ കുടുങ്ങുന്ന അവസ്ഥയ്ക്ക് അടിയന്തരമായി മാറ്റമുണ്ടാകണമെന്നും ബദൽ റോഡുകളുടെ വികസനം വേഗത്തിലാക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയായ വയനാടിന് ആവശ്യമായ സൗകര്യങ്ങളും ഫണ്ടുകളും ലഭ്യമാക്കണമെന്ന് വ്യാപാര സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ ആവശ്യപ്പെട്ടു. മറ്റ് ജില്ലകൾക്ക് നൽകുന്ന ഫണ്ടിന്റെ പത്ത് ശതമാനം പോലും വയനാടിന് വേണ്ടി ചെലവഴിക്കുന്നില്ലെന്നും മാറിമാറി വരുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ജില്ലയോട് കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏകദിന ഉപവാസ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് അധ്യക്ഷത വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ, വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാത, ജില്ലാ വൈസ് പ്രസിഡന്റ് സി.വി. വർഗീസ്, വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷൈജൽ കുന്നത്ത്, വനിതാ വിങ് ജില്ലാ പ്രസിഡന്റ് സിജിത് ജയപ്രകാശ്, വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ സ്വാഗതവും ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *