മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബിൽ നിയമസഭ പാസാക്കി; പെൻഷനിലും വർധന

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതിനുള്ള ശമ്പള പരിഷ്കരണ ബിൽ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പുകളില്ലാതെയാണ് ബിൽ സഭയുടെ അംഗീകാരം നേടിയത്. ഇതോടൊപ്പം മുൻ എംഎൽഎമാരുടെ പെൻഷൻ വർധന ബില്ലും നിയമസഭ പാസാക്കി. നടപടികൾ പൂർത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

2018-ലാണ് ഇതിനുമുമ്പ് എംഎൽഎമാരുടെയും മന്ത്രിമാരുടെയും അലവൻസുകൾ പരിഷ്കരിച്ചതെന്നും സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജനപ്രതിനിധികൾ എന്ന നിലയിൽ ഈ ആവശ്യം തുറന്നുപറയാൻ പലർക്കും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും സ്പീക്കർ സഭയിൽ ചൂണ്ടിക്കാട്ടി. പല സാമാജികരും വ്യക്തിപരമായി ഇക്കാര്യത്തിൽ പ്രയാസങ്ങൾ പങ്കുവെച്ചിരുന്നതായും ബിൽ കൊണ്ടുവന്ന സർക്കാരിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒപ്പം എംഎൽഎമാർക്ക് ഒരു പേഴ്സണൽ അസിസ്റ്റന്റിനെ (പിഎ) കൂടി അധികമായി അനുവദിക്കണമെന്ന സ്പീക്കറുടെ അഭ്യർത്ഥന സർക്കാർ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

നിലവിൽ മണ്ഡല അലവൻസ്, ടെലിഫോൺ അലവൻസ്, യാത്രാ ബത്ത എന്നിവയടക്കം പ്രതിമാസം 70,000 രൂപയാണ് എംഎൽഎമാർക്ക് ലഭിക്കുന്നത്. ഇത് 98,000 മുതൽ 1,05,000 രൂപ വരെയായി ഉയർത്താനാണ് ശുപാർശ. മന്ത്രിമാരുടെ ശമ്പളം നിലവിലെ ഒരു ലക്ഷം രൂപയിൽ നിന്ന് 1,30,000 മുതൽ 1,33,000 രൂപ വരെയായി വർധിക്കും. 2022-ൽ തന്നെ ശമ്പള പരിഷ്കരണത്തിനുള്ള ശുപാർശ സമർപ്പിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. എന്നാൽ, ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യം മുന്നോട്ടുവെച്ച പശ്ചാത്തലത്തിലാണ് ബിൽ സഭയിലെത്തിച്ച് പാസാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *