ചേരാനല്ലൂർ വാഹനാപകടം; കുടുംബം ആവശ്യപ്പെടുന്ന വക്കീലിനെ പ്രോസിക്യൂട്ടറായി നിയമിക്കും: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച ബെൻസ് കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കേസിൽ കുടുംബം ആവശ്യപ്പെടുന്ന വക്കീലിനെ പ്രോസിക്യൂട്ടറായി നിയമിക്കുമെന്നും സർക്കാർ പൂർണമായും കുടുംബത്തിനൊപ്പമാണെന്നും ആഭ്യന്തരമന്ത്രി ജയബാലകൃഷ്ണന്റെ മകൾ ഭദ്രയ്ക്ക് ഉറപ്പുനൽകി. അപ്പീലിലെ പ്രോസിക്യൂഷൻ പിഴവ് ഗുരുതരമല്ലെന്നും തെറ്റ് തിരുത്തി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകുമെന്നും പതിനേഴുകാരന് ജാമ്യം നൽകിയതിനെതിരെ പൊലീസ് ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിൽ തന്നെ മുന്നോട്ടുപോകും. നീതി ഉറപ്പുവരുത്താൻ സർക്കാർ നിലകൊള്ളുമെന്നും ജഡ്ജിയാണെങ്കിലും സാധാരണക്കാരനാണെങ്കിലും നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്നാണ് ജയബാലകൃഷ്ണന്റെ മകൾ ഭദ്ര പ്രതികരിച്ചത്. ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ നേരത്തെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം, മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി. മദ്യവും ലഹരിയും ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ആരും പരാതി പറയരുതെന്നും എല്ലാവരും പൊലീസുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *