കൽപ്പാത്തി രഥോത്സവത്തിനൊരുങ്ങി പാലക്കാട്; സന്ദർശകരെ വരവേൽക്കാൻ ജില്ലാ പൈതൃക മ്യൂസിയം

പാലക്കാട്: പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പെരുമ വിളിച്ചോതുന്ന കൽപ്പാത്തി രഥോത്സവ ദിനങ്ങൾ ആഗതമായിരിക്കെ, നാടിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം നേരിട്ടറിയാൻ സന്ദർശകരെ വരവേൽക്കാൻ സജ്ജമായി പാലക്കാട് ജില്ലാ പൈതൃക മ്യൂസിയം. രഥോത്സവത്തിന്റെ ഭാഗമായി ജില്ലയിലെത്തുന്ന തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും പാലക്കാടിന്റെ ചരിത്രവും കാർഷിക സംസ്കാരവും സംഗീത പാരമ്പര്യവും സമഗ്രമായി തൊട്ടറിയാനുള്ള മികച്ചൊരു വേദിയാണ് കൽപ്പാത്തി ചാത്തപുരത്ത് പ്രവർത്തിക്കുന്ന ഈ മ്യൂസിയം.

2021 ഫെബ്രുവരി 11-ന് പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിൽ, ചിങ്ങത്തിൽ തുടങ്ങി കർക്കിടകത്തിൽ അവസാനിക്കുന്ന ഒരു മലയാള വർഷത്തിൽ പാലക്കാട് അണിയുന്ന വ്യത്യസ്ത ഭാവങ്ങൾ വരച്ചിടുന്ന ആറ് വേറിട്ട ഗാലറികളാണ് ഒരുക്കിയിട്ടുള്ളത്. ഉത്ഭവം, ഉദയം, മരതകം, ഉത്സവം, നവരസം, പുരാണം എന്നിങ്ങനെ തിരിച്ചിരിക്കുന്ന ഗാലറികളിൽ പ്രദേശത്തിന്റെ കാർഷിക പശ്ചാത്തലവും സംഗീത-കലാ പാരമ്പര്യങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു.

മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ സന്ദർശകരെ സ്വീകരിക്കുന്നത് പഞ്ചവാദ്യത്തിന്റെ ഉത്ഭവ ചരിത്രവും കരിമ്പനകളും നെൽപ്പാടങ്ങളും പാലക്കാടൻ കാറ്റും ഉൾപ്പെടുത്തിയ ആമുഖ വീഡിയോയും ഇല്ലസ്ട്രേഷനുകളും അടങ്ങിയ ‘ഉത്ഭവം’ ഗാലറിയാണ്. തുടർന്ന് എത്തുന്ന ‘ഉദയം’ ഗാലറിയിൽ ചിങ്ങം, കന്നി, തുലാം മാസങ്ങളിലെ പ്രധാന ആഘോഷങ്ങളായ ഓണം, നവരാത്രി, കൽപ്പാത്തി രഥോത്സവം എന്നിവയോടൊപ്പം കഥകളി, തെയ്യം, മോഹിനിയാട്ടം തുടങ്ങിയ കേരളീയ കലാരൂപങ്ങളും സർപ്പാരാധനയും കളമെഴുത്തും പാട്ടും അവയുടെ വാദ്യോപകരണങ്ങളും ദൃശ്യവൽക്കരിച്ചിരിക്കുന്നു. പാലക്കാട്ടെ ആദിവാസി വിഭാഗങ്ങളായ മലയർ, ഇരവാളർ, ഇരുളർ എന്നിവരുടെ ജീവിതരീതികളും കലകളും വാദ്യോപകരണങ്ങളും ‘മരതകം’ ഗാലറിയിലൂടെ പരിചയപ്പെടാം.

മകരം മുതൽ മേടം വരെയുള്ള ഉത്സവക്കാലത്തെ അടയാളപ്പെടുത്തുന്ന ‘ഉത്സവം’ ഗാലറിയിൽ വൈവിധ്യമാർന്ന ആഘോഷങ്ങളും കേരള മുസ്ലിംകളുടെ കുടിയേറ്റ ചരിത്രം വിവരിക്കുന്ന മാപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പന, ദഫ്മുട്ട്, അർബനമുട്ട്, നേർച്ച എന്നിവയ്ക്കൊപ്പം വേല, പൂരം, കുതിരയെടുപ്പ്, രഥോത്സവം എന്നിവയുടെ ആവിഷ്കാരങ്ങളും ഇവിടെയുണ്ട്. പാലക്കാടൻ തനതുകലകളായ തുള്ളൽ, തോൽപാവക്കൂത്ത്, പൊറാട്ടുനാടകം എന്നിവയുടെ വസ്ത്രാലങ്കാരങ്ങളും പിന്നണി വാദ്യശേഖരങ്ങളും പരിചയപ്പെടുത്തുന്നതാണ് ‘നവരസം’ ഗാലറി. അവസാന ഗാലറിയായ ‘പുരാണ’ത്തിൽ മുൻ കാഴ്ചകളുടെ സംഗ്രഹത്തോടൊപ്പം ടച്ച് സ്ക്രീൻ കിയോസ്കുകളും ദൃശ്യ-ശ്രവ്യ ഗൈഡുകളും പാലക്കാടൻ കലാകാരന്മാർക്കുള്ള ആദരവായി ഒരുക്കിയ വലിയ ഡിജിറ്റൽ കലാശേഖരവും ലഭ്യമാണ്.

ചൊവ്വ മുതൽ ഞായർ വരെ രാവിലെ 9:30 മുതൽ വൈകീട്ട് 4:30 വരെയാണ് മ്യൂസിയത്തിന്റെ പ്രവർത്തന സമയം. തിങ്കളാഴ്ചകളിലും ദേശീയ അവധി ദിവസങ്ങളിലും മ്യൂസിയത്തിന് അവധിയായിരിക്കും. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 5 രൂപയുമാണ് പ്രവേശന ഫീസ്. രഥോത്സവത്തിന് എത്തുന്നവർക്ക് പാലക്കാടിന്റെ പൈതൃകം അടുത്തറിയാൻ ഈ അവസരം വിനിയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *