കട്ടപ്പന: ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മാതാപിതാക്കളെയും ഇടനിലക്കാരനെയും കട്ടപ്പന പോലീസ് പിടികൂടി. കഞ്ഞിക്കുഴിയിൽ ജോലി ചെയ്തുവന്നിരുന്ന അസം സ്വദേശികളായ ദമ്പതികളും ഇവരുടെ ഇടനിലക്കാരനായി പ്രവർത്തിച്ച ഏജന്റുമാണ് പോലീസിന്റെ പിടിയിലായത്.
കുഞ്ഞിനെ വിൽക്കാനായി ഇടനിലക്കാരൻ നാല് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രണ്ടര ലക്ഷം രൂപ നൽകാമെന്ന് ധരിപ്പിച്ച് കുട്ടിയെ കൊണ്ടുവരാൻ ആവശ്യപ്പെട്ട മലയാളി സുഹൃത്ത് വിവരം രഹസ്യമായി പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തന്ത്രപരമായ രഹസ്യനീക്കത്തിനൊടുവിലാണ് പ്രതികളെല്ലാം വലയിലായത്.
കടുത്ത സാമ്പത്തിക ബാധ്യത മൂലമാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ മറ്റ് സംഘങ്ങളുടെ പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

