റോഡപകട മരണങ്ങൾ കുറയ്ക്കാൻ കേരള റോഡ് സേഫ്റ്റി മിഷൻ; പ്രഖ്യാപനം നവംബർ 15-ന് ടൗൺ ഹാളിൽ; ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകട മരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കേരള റോഡ് സേഫ്റ്റി മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബർ 15-ന് രാവിലെ 11-ന് ടൗൺ ഹാളിൽ നടക്കുമെന്ന് ഗതാഗതമന്ത്രി സി. പി. ജോൺ അറിയിച്ചു. പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് പ്രതിവർഷം മൂവായിരത്തിയെഴുന്നൂറോളം (3,700) പേരാണ് റോഡപകടങ്ങളിൽ മരണപ്പെടുന്നത്. ബോധവത്കരണവും നിയമങ്ങൾ കർശനമായി നടപ്പാക്കലും സംയോജിപ്പിച്ചുള്ള സമഗ്ര പ്രവർത്തനങ്ങളിലൂടെ മരണനിരക്ക് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് മിഷന്റെ പ്രധാന ലക്ഷ്യം. ‘എൻലൈറ്റൻ ആൻഡ് എൻഫോഴ്സ്’ എന്ന ആശയത്തിലൂന്നി വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ളവരെ ഉൾപ്പെടുത്തി വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിനൊപ്പം നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും.

മുഖ്യമന്ത്രി വി. ഡി. സതീശൻ ചെയർമാനും ഗതാഗതമന്ത്രി കോ-ചെയർമാനുമായ മിഷനിൽ എട്ട് വകുപ്പുകളിലെ മന്ത്രിമാർ അംഗങ്ങളായിരിക്കും. ജില്ലാ തലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലും പ്രവർത്തനം വ്യാപിപ്പിച്ച് സുരക്ഷിത ഡ്രൈവിങ് ക്ലബ്ബുകൾ രൂപീകരിക്കും. അപകടസാധ്യതയേറിയ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി പരിഹരിക്കൽ, റോഡുകളുടെ നവീകരണം, സുരക്ഷാ അടയാളങ്ങൾ മെച്ചപ്പെടുത്തൽ, സീബ്രാ ക്രോസിങ്ങുകളുടെ വീതി വർധിപ്പിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. സ്കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ ഉൾപ്പെടുത്തുന്നതിനും സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപം പ്രത്യേക സുരക്ഷാ മേഖലകൾ ഒരുക്കുന്നതിനും നടപടിയുണ്ടാകും. പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാനായി പ്രത്യേക വെബ്സൈറ്റും മൊബൈൽ ആപ്പും സജ്ജമാക്കും.

പ്രശസ്ത ചലച്ചിത്രതാരം മമ്മൂട്ടിയാണ് മിഷന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുക. മറ്റ് സിനിമാതാരങ്ങൾ, സാഹിത്യകാരന്മാർ, സംഗീതജ്ഞർ എന്നിവരുടെ പിന്തുണയും പദ്ധതിക്കായി തേടും. മാധ്യമങ്ങൾ, സന്നദ്ധസംഘടനകൾ, രാഷ്ട്രീയ-മത-സാമുദായിക സംഘടനകൾ, യുവജന-വിദ്യാർഥി-വനിതാ സംഘടനകൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *