ഓപ്പറേഷൻ തുഫാൻ ലഹരിക്കെതിരായ ജനകീയ മുന്നേറ്റമായി മാറി; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പാലക്കാട്: സംസ്ഥാനത്ത് ലഹരിക്കെതിരെ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തുഫാൻ’ വലിയൊരു ജനകീയ മുന്നേറ്റമായി മാറിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ഇതുവരെ 200 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായും 15,000-ത്തിലധികം അറസ്റ്റുകൾ രേഖപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ലഹരി മാഫിയയുമായി ബന്ധപ്പെട്ട നാൽപതിലധികം പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായും പാലക്കാട് കോട്ടമൈതാനത്ത് നടന്ന ‘തൂഫാൻ ജാഗരൺ റാലി’ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മന്ത്രി പറഞ്ഞു.

തുഫാൻ സ്ട്രൈക്ക്, തുഫാൻ വോളന്റിയേഴ്‌സ്, തുഫാൻ കെയർ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് സമഗ്രമായ ഈ പദ്ധതി നടപ്പിലാക്കുന്നത്. ശക്തമായ നിയമനടപടികൾക്കൊപ്പം തന്നെ ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിച്ചു ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള പുനരധിവാസ പ്രവർത്തനങ്ങളും സർക്കാർ നടത്തുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും കോർപ്പറേഷനുകളിലേക്കും പദ്ധതി വിപുലീകരിക്കുമെന്നും മുഴുവൻ വാർഡുകളിലും ലഹരിക്കെതിരെ തുഫാൻ ഗ്രാമസഭകൾ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട് അതിർത്തി പ്രദേശമായതിനാൽ അയൽസംസ്ഥാനങ്ങളിൽ നിന്ന് ഇങ്ങോട്ട് ലഹരി എത്തിക്കാനുള്ള ആസൂത്രിത ശ്രമങ്ങളുണ്ട്. ഇപ്പോൾ കേരളത്തിൽ നേരിട്ട് വിൽപനയില്ലെന്നും കോയമ്പത്തൂരിലും അതിർത്തി പ്രദേശങ്ങളിലുമാണ് പ്രധാനമായും വിൽപന നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ മന്ത്രി, ഈ അതിർത്തി കടന്നുവരുന്ന ലഹരി മാഫിയയെ തടയാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്തു.

പ്രൗഡ് ഓഫ് പാലക്കാടിന്റെ നേതൃത്വത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റും നൂറിലധികം സന്നദ്ധ സംഘടനകളും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. 2,500-ലധികം എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാരും വിദ്യാർത്ഥികളും അണിനിരന്ന റാലിയിൽ ഫ്ലാഷ് മോബുകൾ, മൈം, ബാൻഡ് വാദ്യം, ലഹരിവിരുദ്ധ നാടകം, തീം സോങ്, സംഗീത സദസ്സ് എന്നിവ അരങ്ങേറി. വിശിഷ്ട വ്യക്തികൾക്ക് ചടങ്ങിൽ തൂഫാൻ ബാഡ്ജ് നൽകി ആദരിച്ചു.

വി. കെ. ശ്രീകണ്ഠൻ എം.പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി, എം.എൽ.എമാരായ രമേശ് പിഷാരടി, സുമേഷ് അച്യുതൻ, ജില്ലാ കളക്ടർ കെ. സുധീർ, ഐ.ജി പുട്ട വിമലാദിത്യ, ഡി.ഐ.ജി നാരായണൻ, മലപ്പുറം എസ്.പി ചൈത്ര തെരേസ ജോൺ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പത്മശ്രീ രാമചന്ദ്രപുലവർ, പാലക്കാട് ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *