കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള പരിസരത്തുനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ ശ്രമിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്. സ്വർണം തട്ടിയെടുക്കാനായി യുവതി തന്നെ ആസൂത്രണം ചെയ്ത തട്ടിക്കൊണ്ടുപോകൽ നാടകത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ പ്രതിചേർക്കാതെ വിട്ടയച്ചു.
ബുധനാഴ്ച പകൽ 11.30-ഓടെയാണ് വിമാനത്താവള പരിസരത്ത് ഏവരെയും ഞെട്ടിച്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദുബായിൽ നിന്നും സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിനി പ്രിയങ്കയെ വിമാനത്താവളത്തിൽ നിന്ന് ഒരു സംഘം കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവതിയെ ബലമായി കയറ്റിക്കൊണ്ടുപോയ കാറിനു പിന്നാലെ യുവാവ് ഓടുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് പട്രോളിങ് സംഘം ഉടൻ തന്നെ കാറിലും ബൈക്കുകളിലുമായി പിന്തുടർന്നു. തുടർന്ന് പുളിക്കൽ ആന്തിയൂർകുന്ന് റോഡിലേക്ക് തിരിഞ്ഞ കവർച്ചാ സംഘത്തിന്റെ വാഹനത്തെ പോലീസ് അതിസാഹസികമായി വളഞ്ഞ് പിടികൂടുകയായിരുന്നു.
എന്നാൽ, പിടിയിലായ സംഘത്തെയും യുവതിയായ പ്രിയങ്കയെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് സ്വർണം തട്ടിയെടുക്കുന്നതിനായി മുൻകൂട്ടി തയ്യാറാക്കിയ വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകമാണിതെന്ന് വ്യക്തമായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ പോലീസ് സമഗ്രമായ അന്വേഷണം തുടരുകയാണ്.

