പിറവം: പിറവം നഗരസഭയിലെ സമഗ്ര വികസന പ്രവർത്തനങ്ങൾക്കായി തയാറാക്കിയ 9.28 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ (ഡി.പി.സി) അംഗീകാരം ലഭിച്ചതായി നഗരസഭാ ചെയർപേഴ്സൺ കെ. ആർ. പ്രദീപ്കുമാർ അറിയിച്ചു. ജനക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും തുല്യ പ്രാധാന്യം നൽകുന്ന വിപുലമായ പദ്ധതികൾക്കാണ് അനുമതി ലഭ്യമായിരിക്കുന്നത്.
നഗരസഭാ പരിധിയിലെ ഭവന പുനരുദ്ധാരണത്തിന് 70 ലക്ഷം രൂപയും, കേടായ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് 41 ലക്ഷം രൂപയും, വിവിധ ഓടകളുടെ നിർമ്മാണത്തിന് 72 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളുടെ നവീകരണത്തിന് 30 ലക്ഷം രൂപയും, കണ്ണീറ്റുമലയിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനായി പുതിയ ടാങ്കും പൈപ്പ് ലൈനും സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയും, കണ്ണീറ്റുമല മാലിന്യ പ്ലാന്റ് നവീകരണത്തിന് 30 ലക്ഷം രൂപയും മാറ്റിവെച്ചു. പിറവം ടൗണിൽ അത്യാധുനിക മലിനജല സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നതിന് ഒരു കോടി രൂപയും ലെഗസി മാലിന്യ നിർമാർജനത്തിനായി 14 ലക്ഷം രൂപയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ബജറ്റിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെ തുടർന്ന് മാറ്റിവെക്കേണ്ടി വന്ന പ്രധാന പദ്ധതികൾക്കും ഇത്തവണ അനുമതി ലഭിച്ചു. വനിതകൾക്കായുള്ള ‘ഷീ സ്റ്റേ’ (30 ലക്ഷം രൂപ), കോട്ടപ്പുറത്ത് ആരംഭിക്കുന്ന ‘ഷീ ജിം’ (30 ലക്ഷം രൂപ), കുട്ടികളുടെ പാർക്ക് നവീകരണം (35 ലക്ഷം രൂപ), വിവിധ വാർഡുകളിലെ സ്ട്രീറ്റ് മെയിൻ എക്സ്റ്റൻഷൻ വഴി വഴിവിളക്കുകൾ സ്ഥാപിക്കൽ (25 ലക്ഷം രൂപ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ താലൂക്ക് ആശുപത്രി നവീകരണത്തിനും എസ്.ടി.പി സ്ഥാപിക്കുന്നതിനും ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കുമായി 71 ലക്ഷം രൂപയും ആയുർവേദ ആശുപത്രിയുടെ മാലിന്യ നിർമ്മാർജനവുമായി ബന്ധപ്പെട്ട് പുതിയ എഫ്.എസ്.ടി.പി സ്ഥാപിക്കുന്നതിന് 70 ലക്ഷം രൂപയും അനുവദിച്ചു. പിറവം മാർക്കറ്റ് നവീകരണത്തിന് 35 ലക്ഷം രൂപയും, വിവിധ പാടശേഖരങ്ങളിലേക്കുള്ള ട്രാക്ടർ പാസേജ് നിർമാണത്തിന് 30 ലക്ഷം രൂപയും, നഗരസഭാ ഓഫീസ് നവീകരണത്തിന് 38 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
വർഷങ്ങളായി തകർന്നു കിടക്കുന്ന പ്രധാന റോഡുകളായ പാഴൂർ ആറ്റുതീരം റോഡ്, കക്കാട് ആറ്റുതീരം റോഡ്, കല്ലുമാരി മെയിൻ റോഡ് എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകി കൂടുതൽ തുക അനുവദിച്ചതുൾപ്പെടെ ആകെ 92 ലക്ഷം രൂപയുടെ റോഡ് നിർമ്മാണ പ്രവൃത്തികൾക്കും പച്ചക്കൊടി ലഭിച്ചു. നെൽകൃഷി വികസനം, കുടിവെള്ള വിതരണം, ജലസേചന സൗകര്യങ്ങൾ, സ്ട്രീറ്റ് ലൈറ്റുകൾ, പാലിയേറ്റീവ് കെയർ, ആശ്രയ പദ്ധതി എന്നിവയ്ക്കൊപ്പം പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി പ്രത്യേക ക്ഷേമപദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. വികസന ഫണ്ട് വിനിയോഗത്തിൽ എല്ലാ മേഖലകളെയും ഉൾക്കൊള്ളിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും മുൻഗണനാക്രമം അനുസരിച്ചാണ് റോഡ് ഫണ്ട് നിശ്ചയിച്ചതെന്നും, വരും ഘട്ടങ്ങളിൽ എല്ലാ മേഖലകളിലേക്കും കൂടുതൽ പദ്ധതികൾ എത്തിക്കുമെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.

