ന്യൂഡൽഹി: 1998ലെ പൊഖ്റാൻ ആണവപരീക്ഷണ സമയത്ത് അമേരിക്കൻ ചാര ഉപഗ്രഹങ്ങളുടെ നിരീക്ഷണം മറികടക്കാൻ ഇന്ത്യ സ്വീകരിച്ച തന്ത്രങ്ങൾക്ക് സമാനമായ രീതികൾ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ വൈക്കോൽ കത്തിക്കലിലും പരീക്ഷിക്കുന്നതായി റിപ്പോർട്ട്. പാടശേഖരങ്ങളിൽ തീയിടുന്ന സമയം ഉപഗ്രഹങ്ങളുടെ നിരീക്ഷണ സമയവുമായി പൊരുത്തപ്പെടാതിരിക്കാൻ ശ്രദ്ധിച്ചാണ് കർഷകർ ഈ രീതി പിന്തുടരുന്നത്.
നിലവിൽ കൃഷിയിടങ്ങളിലെ തീപിടിത്തങ്ങൾ നിരീക്ഷിക്കാൻ പ്രധാനമായും പോളാർ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെയാണ് ആശ്രയിക്കുന്നത്. നാസയുടെ ടെറ, അക്വ ഉപഗ്രഹങ്ങളിലെ മോഡിസ് (MODIS) സെൻസറുകളും സുവോമി എൻപിപി, NOAA-20 ഉപഗ്രഹങ്ങളിലെ വിഐഐആർഎസ് (VIIRS) സെൻസറുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ ഒരു പ്രദേശത്തിന് മുകളിലൂടെ ദിവസത്തിൽ നിശ്ചിത സമയങ്ങളിൽ മാത്രമാണ് കടന്നുപോകുന്നത്. സാധാരണയായി പകൽ, ഉച്ചസമയങ്ങളിലാണ് നിരീക്ഷണം നടക്കുന്നത്.
ഉപഗ്രഹങ്ങൾ കടന്നുപോകാത്ത സമയങ്ങളിൽ കർഷകർ വൈക്കോലിന് തീയിടുന്നതോടെ പല തീപിടിത്തങ്ങളും ഔദ്യോഗിക കണക്കുകളിൽ രേഖപ്പെടുത്താതെ പോകുന്നു. 2024, 2025 വർഷങ്ങളിൽ പഞ്ചാബിലെ വലിയ കൃഷിയിടങ്ങളിലെ തീപിടിത്തങ്ങളിൽ 90 ശതമാനത്തിലധികവും വൈകുന്നേരം മൂന്നിനുശേഷമാണ് ഉണ്ടായതെന്ന് ഇന്റർനാഷണൽ ഫോറം ഫോർ എൻവയോൺമെന്റ്, സസ്റ്റൈനബിലിറ്റി ആൻഡ് ടെക്നോളജി (iFOREST) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2021ൽ ഇത് മൂന്നു ശതമാനം മാത്രമായിരുന്നു. ഹരിയാനയിലും 2019 മുതൽ വലിയ തീപിടിത്തങ്ങളിൽ ഭൂരിഭാഗവും വൈകുന്നേരം മൂന്നിനുശേഷമാണ് സംഭവിക്കുന്നത്.
അതേസമയം, വൈക്കോൽ കത്തിക്കൽ കുറഞ്ഞുവെന്ന ഔദ്യോഗിക കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 2021ൽ രാജ്യത്ത് ഏകദേശം 80,000 തീപിടിത്തങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിൽ 2025ൽ ഇത് ഏകദേശം 6,000 ആയി കുറഞ്ഞു. സർക്കാർ നടപടികൾ, പിഴകൾ, കാർഷിക യന്ത്രങ്ങൾക്ക് നൽകുന്ന സബ്സിഡി, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കൊപ്പം ഉപഗ്രഹ നിരീക്ഷണത്തിലെ പരിമിതികളും കണക്കുകളിലെ കുറവിനെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഫയർ വാച്ച് നിരീക്ഷണ സംവിധാനം
ഉപഗ്രഹ നിരീക്ഷണത്തിലെ ഈ പരിമിതി മറികടക്കാൻ iFOREST ‘ഫയർ വാച്ച്’ എന്ന പുതിയ മൾട്ടി സാറ്റലൈറ്റ് പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ട്. മോഡിസ്, വിഐഐആർഎസ് സംവിധാനങ്ങൾക്കൊപ്പം മെറ്റിയോസാറ്റ്-8, മെറ്റിയോസാറ്റ്-9 ഉപഗ്രഹങ്ങളിലെ സെവിറി (SEVIRI) സംവിധാനത്തിൽനിന്നുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തുന്നു. മെറ്റിയോസാറ്റ് ഉപഗ്രഹങ്ങൾക്ക് ഏകദേശം 15 മിനിറ്റ് ഇടവിട്ട് ഒരേ പ്രദേശത്തിന്റെ ചിത്രങ്ങൾ ലഭ്യമാക്കാൻ കഴിയും.
കൂടാതെ, സെന്റിനൽ-2 ഉപഗ്രഹങ്ങളിൽനിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ച് തീപിടിത്തത്തെത്തുടർന്ന് എത്രത്തോളം കൃഷിഭൂമി കത്തിനശിച്ചുവെന്നും വിലയിരുത്താം. നിലവിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ സംവിധാനം നിരീക്ഷണം നടത്തുന്നത്. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
ഇന്ത്യൻ ഉപഗ്രഹ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യം
വനങ്ങളിലെയും കൃഷിയിടങ്ങളിലെയും തീപിടിത്തങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യ ഇപ്പോഴും വിദേശ ഉപഗ്രഹ സംവിധാനങ്ങളെ പ്രധാനമായും ആശ്രയിക്കുന്നതായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടർച്ചയായ നിരീക്ഷണത്തിന് ശേഷിയുള്ള ഭൗമസ്ഥിര ഉപഗ്രഹ സംവിധാനം വികസിപ്പിക്കണമെന്നും സമിതി നിർദേശിച്ചു.
ഇന്ത്യയുടെ EOS-05 (GISAT-1A) ഉപഗ്രഹത്തിന് തിരഞ്ഞെടുത്ത പ്രദേശങ്ങളുടെ ചിത്രങ്ങൾ അഞ്ചു മിനിറ്റ് ഇടവിട്ട് ലഭ്യമാക്കാനും മേഘരഹിത സാഹചര്യത്തിൽ 30 മിനിറ്റിനുള്ളിൽ രാജ്യത്തിന്റെ മുഴുവൻ ഭൂപ്രദേശവും നിരീക്ഷിക്കാനും ശേഷിയുണ്ട്. എന്നാൽ പ്രതിരോധ, ദേശീയ സുരക്ഷാ ആവശ്യങ്ങൾക്കായുള്ള തന്ത്രപ്രധാന ഉപഗ്രഹമായതിനാൽ ഇതിന്റെ വിവരങ്ങൾ പരിസ്ഥിതി ഏജൻസികൾക്ക് പൂർണമായി ലഭ്യമല്ല. ഉപഗ്രഹ വിവരങ്ങളുടെ ഒരു ഭാഗമെങ്കിലും പരിസ്ഥിതി നിരീക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനുമായി ലഭ്യമാക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം.
അതേസമയം, തീ കത്തുന്ന സമയത്ത് ഉപഗ്രഹത്തിന്റെ നിരീക്ഷണത്തിൽപ്പെടാതെ പോയാലും കത്തിയ കൃഷിയിടങ്ങളുടെ അടയാളങ്ങൾ മറച്ചുവയ്ക്കാനാവില്ല. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്റർ കാർട്ടോസാറ്റ്-3 ഉൾപ്പെടെയുള്ള ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് കത്തിയ കൃഷിഭൂമികൾ കണ്ടെത്തുന്നുണ്ട്.
വൈക്കോൽ കത്തിക്കൽ മൂലമുള്ള വായുമലിനീകരണം ഉത്തരേന്ത്യയിൽ ഗുരുതര പ്രശ്നമായി തുടരുന്ന സാഹചര്യത്തിൽ ഉപഗ്രഹ നിരീക്ഷണത്തിലെ വിടവുകൾ നികത്താൻ പുതിയ സാങ്കേതിക സംവിധാനങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

