ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കോയമ്പത്തൂരിൽ 900 പോലീസുകാരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി; 10 വാച്ച് ടവറുകൾ സ്ഥാപിച്ചു

കോയമ്പത്തൂർ: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോയമ്പത്തൂർ നഗരപരിധിയിൽ 900 പോലീസുകാരെ വിന്യസിച്ചു. നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങൾ ഉൾപ്പെടുന്ന റോഡുകളിലെ സുരക്ഷാ നിരീക്ഷണത്തിനായി പത്ത് വാച്ച് ടവറുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ഗാന്ധിപുരം, ക്രോസ്‌കട്ട് റോഡ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ തെരുവ്, ടൗൺഹാൾ, ഒപ്പനക്കാരവീഥി എന്നിവിടങ്ങളിൽ മാത്രമായി 180 പോലീസുകാരെയാണ് പ്രത്യേകം നിയോഗിച്ചിരിക്കുന്നത്. ഇതിനുപുറമെ, നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനായി മാത്രം 120 ട്രാഫിക് പോലീസുകാരെയും ചുമതലപ്പെടുത്തി.

സുരക്ഷാ പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനായി ഇരുചക്രവാഹനങ്ങളിൽ പട്രോളിങ് നടത്തുന്ന 50 സംഘങ്ങളും നാലുചക്രവാഹനങ്ങളിലുള്ള 28 സംഘങ്ങളും നഗരത്തിൽ നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. സിറ്റി പോലീസ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന ഐ.ജി. ആർ.വി. രമ്യഭാരതിയുടെ നേതൃത്വത്തിൽ ഏഴ് അസിസ്റ്റന്റ് കമ്മിഷണർമാർ, 20 ഇൻസ്പെക്ടർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പോലീസുകാരും അണിനിരന്ന റൂട്ട് മാർച്ച് കഴിഞ്ഞദിവസം നഗരത്തിൽ നടന്നു. ബോംബ് നിർവീര്യമാക്കൽ സംഘവും ഡോഗ് സ്ക്വാഡും ഉൾപ്പെട്ട പ്രത്യേക പോലീസ് സംഘം റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും തുടർച്ചയായി കർശന പരിശോധന നടത്തിവരികയാണ്.

അതേസമയം, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ ആറുമണി മുതൽ ഏഴുമണിവരെയും, വൈകീട്ട് ഏഴുമണി മുതൽ എട്ടുമണിവരെയുമാണ് പടക്കം പൊട്ടിക്കാൻ അനുമതിയുള്ളത്. കുറഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്ന പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ആശുപത്രികൾ, ക്ഷേത്രങ്ങൾ എന്നിവയ്ക്ക് സമീപം പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *