ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാനമായ ന്യോമ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടിൽ ഭീമൻ ചരക്കുവിമാനമായ ‘ഐഎൽ-76 എംഡി’ (IL-76MD) വിജയകരമായി നിലത്തിറക്കി ഇന്ത്യൻ വ്യോമസേന ചരിത്ര നേട്ടം കുറിച്ചു. ആഗോളതലത്തിൽ ഒരു ഐഎൽ-76 വിമാനം നടത്തുന്ന ഏറ്റവും ഉയർന്ന ഉയരത്തിലുള്ള ലാൻഡിംഗാണിത്.
ചൈനീസ് അതിർത്തിയോട് തൊട്ടടുത്തു കിടക്കുന്ന ഉയർന്ന പ്രദേശങ്ങളിൽ വലിയ തോതിലുള്ള സൈനിക നീക്കങ്ങളും യുദ്ധോപകരണ വിന്യാസവും സാധ്യമാക്കുന്നതിലേക്ക് നിർണ്ണായക ചുവടുവെപ്പാണ് ഈ വിജയകരമായ പരീക്ഷണം. ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരുടെ സമാനതകളില്ലാത്ത പ്രൊഫഷണലിസവും കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള വിമാനത്തിന്റെ കരുത്തുമാണ് ഈ ചരിത്രപരമായ ലാൻഡിംഗിലൂടെ തെളിയിക്കപ്പെട്ടതെന്ന് വ്യോമസേന ഔദ്യോഗികമായി അറിയിച്ചു. ദുർഘടമായ ഭൂപ്രകൃതിയിലും പ്രതികൂല കാലാവസ്ഥയിലും തന്ത്രപ്രധാന മുന്നേറ്റം നടത്താനുള്ള ഇന്ത്യയുടെ സൈനിക തയ്യാറെടുപ്പിന്റെ വ്യക്തമായ സന്ദേശമാണ് ഈ നേട്ടം.

