തിരുവനന്തപുരം: മീൻപിടിത്ത ബോട്ടുകളുടെ മറവിൽ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലകൾ തീരദേശം വഴി കോടികളുടെ ലഹരിമരുന്ന് കടത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. മലബാറിന്റെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശ്രീലങ്കയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുകയും, അതിന് പകരമായി ശ്രീലങ്കയിൽ നിന്ന് വൻതോതിൽ സ്വർണം തിരികെ കേരളത്തിലേക്ക് എത്തിക്കുകയുമാണ് ഈ സംഘത്തിന്റെ പ്രധാന പ്രവർത്തനരീതി.
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വീര്യമേറിയ ഹെറോയിനും അന്താരാഷ്ട്ര വിപണിയിൽ വൻ ഡിമാൻഡുള്ള മെത്താഫിറ്റമിനുമാണ് ഇത്തരത്തിൽ കടൽമാർഗ്ഗം വൻതോതിൽ കടത്തുന്നത്. പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളെ മറയാക്കിയാണ് ലഹരിയും സ്വർണ്ണവും കൈമാറ്റം ചെയ്യുന്ന ഈ അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖല തീരദേശത്ത് വേരൂന്നിയതെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

