കെയ്റോ: ഈജിപ്തിലെ ഗിസ പ്രവിശ്യയിലുണ്ടായ ട്രെയിൻ അപകടത്തിൽ ഏഴ് പേർ മരിക്കുകയും 125-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗിസയിൽ നിന്ന് ഫയൂമിലേക്ക് പോകുകയായിരുന്ന ട്രെയിൻ, കെയ്റോയിൽ നിന്ന് അസ്വാനിലേക്ക് പോവുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെ ഉണ്ടായ ശക്തമായ ഇടിയിൽ ആറ് ബോഗികൾ പാളം തെറ്റി മറിഞ്ഞു.
നിർത്തിയിട്ടിരുന്ന ട്രെയിനിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. അപകടത്തിൽ തകർന്ന ബോഗികൾക്കുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാൻ നാട്ടുകാരും രക്ഷാപ്രവർത്തകരും റെയിൽവേ ജീവനക്കാരും ഏറെ പ്രയത്നിച്ചു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി എഴുപതിലധികം ആംബുലൻസുകൾ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
അപകടത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കാൻ അടിയന്തര അന്വേഷണം നടത്തുമെന്നും പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ-സിസി വ്യക്തമാക്കി. അതേസമയം, അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചതായി ദൃക്സാക്ഷികൾ ആരോപിക്കുന്നുണ്ട്. സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണെന്ന് ഈജിപ്ഷ്യൻ നാഷണൽ റെയിൽവേ അറിയിച്ചു.

