മെൽബൺ: തുടർച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ എസ്.എം.വി.എസ് സ്വാമിനാരായൺ ക്ഷേത്ര സമൂഹം. ദീപാവലി ആഘോഷങ്ങൾക്ക് തൊട്ടുമുമ്പ് രണ്ടുതവണ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും കഴിഞ്ഞ ഏഴ് വർഷത്തിനിടെ ക്ഷേത്രത്തിന് നേരെ പതിനാറോളം ആക്രമണങ്ങൾ ഉണ്ടായതായും ക്ഷേത്രം ട്രസ്റ്റി ബിരേൻ ജോഷി വെളിപ്പെടുത്തി.
തുടർച്ചയായ ആക്രമണങ്ങളിൽ ഭക്തർ കടുത്ത മാനസിക സമ്മർദ്ദത്തിലും അമർഷത്തിലുമാണെന്ന് ബിരേൻ ജോഷി വ്യക്തമാക്കി. ക്ഷേത്രത്തിൽ സുരക്ഷാ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനായി കോയലിഷൻ 3,00,000 ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്. വീണ്ടും അധികാരത്തിലെത്തിയാൽ സുരക്ഷാ നവീകരണങ്ങൾക്കായി 2,00,000 ഡോളർ അനുവദിക്കുമെന്ന് ലേബർ പാർട്ടിയും പ്രഖ്യാപിച്ചു. നിരന്തര ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആരാധനാലയത്തിന് ശാശ്വതമായ പോലീസ് സംരക്ഷണം നൽകണമെന്ന ആവശ്യം ശക്തമാണ്.

