കുതിച്ചുയരുന്ന ഭവന ചെലവുകൾക്കെതിരെ സ്‌പെയിനിൽ 14 വർഷത്തിനിടയിലെ ആദ്യ പൊതുപണിമുടക്ക്; തെരുവിലിറങ്ങി ലക്ഷങ്ങൾ

മാഡ്രിഡ്: കുതിച്ചുയരുന്ന വീട്ടുവാടകയ്ക്കും ഭവന വിലക്കയറ്റത്തിനുമെതിരെ സ്‌പെയിനിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത രാജ്യവ്യാപക പൊതുപണിമുടക്ക് നടന്നു. നവംബർ 29-ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ 24 മണിക്കൂർ പണിമുടക്ക് 14 വർഷത്തിനിടയിലെ രാജ്യത്തെ ആദ്യത്തെ പൊതുപണിമുടക്കാണ്. വാടകക്കാരുടെ സംഘടനകൾ (Tenants’ Associations) മുൻകൈയെടുത്ത് വിളിച്ചുചേർത്ത സമരത്തിന് പിന്നീട് പ്രമുഖ തൊഴിലാളി യൂണിയനുകളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

കോൺഫെഡറേഷൻ ഓഫ് ടെനന്റ്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച് ഉച്ചയോടെ ഏകദേശം 40 ലക്ഷത്തോളം ആളുകൾ പണിമുടക്കിന്റെ ഭാഗമായി. ഓട്ടോമൊബൈൽ, തുറമുഖ മേഖലകളിൽ 90 ശതമാനവും മാലിന്യ ശേഖരണ മേഖലയിൽ 82 ശതമാനവും പേർ പണിമുടക്കിയതായി തൊഴിലാളി യൂണിയനുകൾ അറിയിച്ചു. വിനോദസഞ്ചാരികളുടെ തിരക്കേറിയ തീരദേശ മേഖലകളായ കാറ്റലോണിയ, അൻഡലൂഷ്യ എന്നിവിടങ്ങളിലാണ് സമരം ഏറ്റവും ശക്തമായി പ്രതിഫലിച്ചത്.

പണിമുടക്ക് രാജ്യത്തെ പ്രമുഖ നഗരങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ബാഴ്‌സലോണയിൽ സമരക്കാർ എ.പി-7 (AP-7) മോട്ടോർവേ ഉൾപ്പെടെയുള്ള പ്രധാന പാതകൾ ഉപരോധിക്കുകയും പൊതുഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. ബാഴ്‌സലോണയിൽ 4 ലക്ഷം പേർ പ്രകടനത്തിൽ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടപ്പോൾ, 55,000 പേർ പങ്കെടുത്തെന്നാണ് പ്രാദേശിക പൊലീസിന്റെ കണക്ക്. രാത്രിയോടെ ഒരു വിഭാഗം പ്രതിഷേധക്കാർ കടകൾ തകർക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തെങ്കിലും കനത്ത മഴയെത്തുടർന്ന് ജനക്കൂട്ടം പിരിഞ്ഞുപോയി. തലസ്ഥാനമായ മാഡ്രിഡിൽ കനത്ത മഴയെ അവഗണിച്ചും 1,20,000-ത്തോളം ആളുകൾ പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നു. രാജ്യത്തുടനീളം അമ്പതിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ശക്തമായ കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് കാഡിസ്, സെവിയ്യ, കോർഡോബ, ഹുവൽവ എന്നിവിടങ്ങളിലെ പ്രകടനങ്ങൾ റദ്ദാക്കി.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വീട്ടുവാടകയിൽ 80 ശതമാനവും വീടുകളുടെ വിലയിൽ 63 ശതമാനവും വർധനവുണ്ടായതാണ് ജനരോഷത്തിന് കാരണം. വീടുകൾ ഹ്രസ്വകാല വിനോദസഞ്ചാര ആവശ്യങ്ങൾക്കായി മാറ്റുന്നതും റിയൽ എസ്റ്റേറ്റ് മേഖലയിലെ ഊഹക്കച്ചവടവുമാണ് സാധാരണക്കാർക്ക് വീട് അപ്രാപ്യമാക്കിയതെന്ന് സമരക്കാർ ആരോപിക്കുന്നു. സെപ്റ്റംബറിൽ 87 വയസ്സുകാരിയായ മാരികർമെൻ അബാസ്കൽ എന്ന വയോധികയെ ഏഴ് പതിറ്റാണ്ടിലേറെയായി താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഒഴിപ്പിച്ച സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

അടിയന്തര ഭവന നിയമനിർമ്മാണത്തെ വലതുപക്ഷ പാർട്ടികൾ പരാജയപ്പെടുത്തിയതിനെത്തുടർന്ന് സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രഖ്യാപിച്ച ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ സമരം വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്. തൊഴിലാളി പ്രസ്ഥാനങ്ങളെയും പണിമുടക്കാനുള്ള അവകാശത്തെയും പിന്തുണച്ച് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രംഗത്തെത്തിയപ്പോൾ, യൂണിയനുകൾ ജനങ്ങളെ ബന്ദികളാക്കുകയാണെന്ന് മാഡ്രിഡ് റീജിയണൽ പ്രസിഡന്റും വലതുപക്ഷ നേതാവുമായ ഇസബെൽ ഡയസ് അയൂസോ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *