മൂന്നാര്‍: ആനയിറങ്കല്‍ ഡാമിന്റെ ബഫര്‍ സോണില്‍ കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറി അനധികൃതമായി സ്ഥാപിച്ച വേലികളും നിര്‍മാണങ്ങളും ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യയുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു തുടങ്ങി. വെള്ളിയാഴ്ച രാവിലെ വിലക്ക് ഭാഗത്തുനിന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തുടക്കമായത്.
ആനയിറങ്കല്‍ ഡാമിന് സമീപം 16 പേര്‍ ചേര്‍ന്ന് കൈയേറിയ പ്രദേശമാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിച്ചത്. ഇവിടെ അനധികൃതമായി നിര്‍മിച്ചിരുന്ന 1250 മീറ്റര്‍ നീളത്തിലുള്ള വേലികളും മതിലുകളും ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. കൂടാതെ 75 തൂണുകളും ആറ് ഗേറ്റുകളും പിഴുതു മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാത സംരക്ഷിക്കുന്നതിന്റെയും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഡാമിന്റെ ബഫര്‍ സോണില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള വൈദ്യുതവേലികള്‍, സോളാര്‍ വേലികള്‍, മതിലുകള്‍, മറ്റ് നിര്‍മാണങ്ങള്‍ എന്നിവ നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിച്ച് നീക്കം ചെയ്യാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. ഇതിനായി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിയോഗിച്ചിരുന്നു. മൂന്നാര്‍ ഡി.എഫ്.ഒ, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. അതേസമയം, സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പട്ടയം നല്‍കിയ ഭൂമിയിലെ അതിര്‍ത്തികളോ, മതിലുകളോ, വേലിക്കെട്ടുകളോ, നിര്‍മ്മിതികളോ ഈ നടപടികളുടെ ഭാഗമായി നീക്കം ചെയ്യില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.


റവന്യൂ വകുപ്പ്, വനംവകുപ്പ്, കെ.എസ്.ഇ.ബി. ഡാം സേഫ്റ്റി വിഭാഗം, പോലീസ് എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. മൂന്നാര്‍ എ.എസ്.പി അമൃത സതീപന്‍, ദേവികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജയന്‍, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ആര്‍. മനോജ് കുമാര്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ലാലുമോന്‍ ജോസഫ്, ഭൂരേഖ തഹസില്‍ദാര്‍ കെ.പി. പോള്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഗുല്‍സാര്‍ തുടങ്ങിയവര്‍ ഒഴിപ്പിക്കല്‍ നടപടികളില്‍ പങ്കെടുത്തു. അനധികൃത കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുന്നതിനും പ്രദേശത്തെ സ്വാഭാവിക സസ്യാവരണം പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. ഒഴിപ്പിക്കല്‍ നടപടികളുടെ പുരോഗതി സബ് കളക്ടര്‍ വിലയിരുത്തി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

