തൊടുപുഴ: സഹകരണ മേഖലയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും അതിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ്. 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ കർഷകർക്ക് വലിയ ആശ്വാസം പകരുന്ന മേഖലയാണ് സഹകരണമെന്നും, ഇന്നത്തെ കാലഘട്ടത്തിൽ ഇതിന്റെ പ്രസക്തി വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിൽ 72 സഹകരണ ബാങ്കുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. കർഷകരുടെ കടാശ്വാസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തുമെന്നും, സഹകരണ മേഖലയിലെ പോരായ്മകളും പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ചീഫ് വിപ്പ് വ്യക്തമാക്കി.

ചടങ്ങിൽ റിസ്ക് ഫണ്ട് ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം റോയി കെ. പൗലോസ് എം.എൽ.എ നിർവ്വഹിച്ചു. വ്യക്തമായ ലക്ഷ്യങ്ങളോടെ രൂപംകൊണ്ട സഹകരണ പ്രസ്ഥാനം സാധാരണക്കാരുടെ ജീവിതത്തിന് സാമ്പത്തിക അടിത്തറ ഒരുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ ഉണ്ടായേക്കാമെങ്കിലും അവ കൃത്യമായി പരിഹരിച്ച് സഹകരണ പ്രസ്ഥാനം മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ ഇന്ദു സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി ജനറൽ ജോയിന്റ് രജിസ്ട്രാർ എം. കലാവതി പതാക ഉയർത്തി. മുതിർന്ന സഹകാരികളായ പി.എ.സി.എസ് അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടറി തോമസ് മാത്യു കക്കുഴി, കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി എന്നിവരെ അഡ്വ. സിറിയക് തോമസ് എം.എൽ.എ ആദരിച്ചു. മുതിർന്ന സഹകരണ ജീവനക്കാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ ആദരിച്ചു. വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ജോയി വെട്ടിക്കുഴി സമ്മാനങ്ങൾ വിതരണം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. മുഹമ്മദ് അൻഷാദ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരൻ, സഹകരണ ഉദ്യോഗസ്ഥർ, സ്ഥാപന ഭാരവാഹികൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വാരാഘോഷത്തിന്റെ ഭാഗമായി തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്ന് സഹകരണ ലഹരിവിരുദ്ധ സന്ദേശ റാലിയും സംഘടിപ്പിച്ചു. തൊടുപുഴ ഡി.വൈ.എസ്.പി. സജി മാർക്കോസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സഹകരണ ജീവനക്കാർ, പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ റാലിയിൽ അണിനിരന്നു. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ ടാബ്ലോയും, മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ശ്രദ്ധേയമായി.

