
വി.രാജേഷ് മോഹൻ റാവു – ധർമ്മടം തലശ്ശേരി
ലേഖകൻ ഹയർ സെക്കൻഡറി അധ്യാപകനും, ധർമ്മടം ചന്ദ്രകല മോഹൻ റാവു കൾച്ചറൽ ഫോറം പ്രസിഡണ്ടും കേരള കൊങ്കണി ഭാഷ പ്രവർത്തകസമിതി സംസ്ഥാന ഭാരവാഹിയുമാണ്.
…………………………………………………………
ഭാഷയും സംഗീതവും മനുഷ്യരെ ഒന്നിപ്പിക്കുന്ന ശക്തമായ മാധ്യമങ്ങളാണ്. ഒരു ഭാഷയുടെ സംസ്കാരവും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിൽ സംഗീതത്തിന് വലിയ പങ്കുണ്ട്. ഈ സത്യം ലോകത്തിന് മുന്നിൽ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് മംഗലൂരുവിൽ നടന്ന പ്രഥമ ലോക കൊങ്കണി സംഗീത മഹാസമ്മേളനം. കൊങ്കണി ഭാഷയുടെയും സംഗീതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത ഈ മഹത്തായ സംഗീത സംരംഭം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്.
മംഗലൂരുവിലെ ടൗൺ ഹാളിൽ നവംബർ 3-ന് രാവിലെ ആരംഭിച്ച സംഗീതമേള നവംബർ 15-ന് വൈകിട്ട് 6.12-ന് 12 ദിവസം 12 മണിക്കൂർ 12 മിനിറ്റ് തുടർച്ചയായ ഗാനാലാപനം പൂർത്തിയാക്കി. കൊങ്കണി സാംസ്കാരിക സംഘടനയായ മണ്ട് സൊഭാണിന്റെ നേതൃത്വത്തിലാണ് ഈ ചരിത്രപരമായ സംഗീത സംരംഭം സംഘടിപ്പിച്ചത്. സംഘടനയുടെ നാൽപ്പതാം വാർഷികമായ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രഥമ ലോക കൊങ്കണി സംഗീത മഹാസമ്മേളനം സംഘടിപ്പിച്ചത്. ‘കോങ്കോന്നി നിരോന്തോരി – സോംസം സോരസോരി’ എന്ന പേരിൽ നടന്ന ഈ സംഗീതയജ്ഞം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൊങ്കണി സമൂഹത്തെ ഒരേ വേദിയിൽ ഒന്നിപ്പിച്ചു.

300 ടീമുകളിലായി 7,235 ഗായകർ പങ്കെടുത്ത പരിപാടിയിൽ 4,596 കൊങ്കണി ഗാനങ്ങൾ അവതരിപ്പിച്ചു. 250-ലധികം സംഗീതസംവിധായകരുടെ സൃഷ്ടികൾ ഈ സംഗീതമഹാസമ്മേളനത്തിന്റെ ഭാഗമായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള ഗായകർ പരിപാടിയിൽ പങ്കെടുത്തു. വിവിധ തലമുറകളിൽപ്പെട്ട ഗായകർ ഒരേ വേദിയിൽ അണിനിരന്നത് ഈ പരിപാടിയുടെ പ്രത്യേകതയായിരുന്നു.
മുൻപ് ഗുജറാത്തിലെ വഡ്താലിൽ നടന്ന ശ്രീ ഹരികൃഷ്ണ കീർത്തൻ യാഗ് പരിപാടിയുടെ പേരിലായിരുന്നു ഒന്നിലധികം ഗായകർ പങ്കെടുക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ഗാനാലാപനത്തിന്റെ ഗിന്നസ് റെക്കോർഡ്. 11 ദിവസം 11 മണിക്കൂർ 11 മിനിറ്റായിരുന്നു ആ റെക്കോർഡ്. ഈ നേട്ടം മറികടന്നാണ് മണ്ട് സൊഭാണിന്റെ നേതൃത്വത്തിൽ കൊങ്കണി സംഗീതത്തിന് പുതിയ ലോക റെക്കോർഡ് സ്വന്തമായത്. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ അഡ്ജുഡിക്കേറ്റർ സ്വപ്നിൽ ദംഗരികർ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്താണ് നവംബർ 3-ന് സമ്മേളനം ഉദ്ഘാടനം ചെയ്തത്. മംഗളൂരു രൂപതയുടെ ബിഷപ്പ് ഡോ. പീറ്റർ പോൾ സൽദാനയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ സമാപനച്ചടങ്ങിൽ ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി യു.ടി. ഖാദർ മുഖ്യാതിഥിയായിരുന്നു. മണ്ട് സൊഭാണിന്റെ പ്രസിഡന്റ് ലൂയിസ് ജെ. പിന്റോയുടെ നേതൃത്വത്തിൽ നടന്ന ഈ സംരംഭം നിരവധി വ്യക്തികളുടെയും സംഘടനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്.
ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത സംഗീതത്തിന്റെ വൈവിധ്യവും പങ്കാളിത്തത്തിന്റെ വിശാലതയുമായിരുന്നു. വിവിധ പ്രദേശങ്ങളിലെയും തലമുറകളിലെയും കൊങ്കണി ഭാഷാസ്നേഹികൾ ഒരേ വേദിയിൽ ഒന്നിച്ചെത്തി. പരമ്പരാഗത ഗാനങ്ങൾ ഉൾപ്പെടെ കൊങ്കണി സംഗീതത്തിന്റെ വിവിധ രൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. വ്യത്യസ്ത പ്രദേശങ്ങളിലെ കൊങ്കണി സംഗീതപാരമ്പര്യങ്ങൾക്കും കലാകാരന്മാർക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ ഈ വേദി അവസരമൊരുക്കി. സംഗീതത്തിന് മതത്തിന്റെയോ പ്രദേശത്തിന്റെയോ അതിരുകളില്ലെന്നും മാതൃഭാഷയോടുള്ള സ്നേഹം മനുഷ്യരെ ഒന്നിപ്പിക്കുമെന്നും ഈ മഹാസമ്മേളനം തെളിയിച്ചു.

ഈ ചരിത്രനേട്ടത്തിന് പിന്നിൽ മണ്ട് സൊഭാണിന്റെ സ്ഥാപകനും അന്തരിച്ച ഗുര്കാർ എറിക് ബാബ് ഓസാരിയോയുടെ ദീർഘവീക്ഷണവും കൊങ്കണി ഭാഷയ്ക്കും സംഗീതത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ജീവിതകാലത്തെ പ്രവർത്തനങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സമർപ്പിച്ച ഈ സംഗീതമഹാസമ്മേളനം അദ്ദേഹത്തിന്റെ സാംസ്കാരിക സ്വപ്നങ്ങൾക്ക് ലഭിച്ച ഉചിതമായ ആദരവ് കൂടിയാണ്. മണ്ട് സൊഭാണിന്റെ പ്രസിഡന്റ് ലൂയിസ് ജെ. പിന്റോയും ഭാരവാഹികളും പ്രവർത്തകരും നടത്തിയ പ്രവർത്തനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. സംഗീതസംവിധായകൻ ജോയൽ പെരേരയുടെയും മറ്റ് സംഗീതസംവിധായകരുടെയും ഗായകരുടെയും സാങ്കേതിക പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ പരിശ്രമം ഈ വിജയത്തിൽ നിർണായകമായി.
ഈ നേട്ടത്തിൽ ധർമ്മടം ചന്ദ്രകല മോഹൻ റാവു കൾച്ചറൽ ഫോറവും വലിയ സന്തോഷവും അഭിമാനവും രേഖപ്പെടുത്തി. ഫോറത്തിന്റെ പ്രസിഡന്റ് വി. രാജേഷ് മോഹൻ റാവുവിന്റെ അധ്യക്ഷതയിൽ നടന്ന ഓൺലൈൻ യോഗത്തിൽ ഗൗരി ആർ. ഭട്ട്, ഗായത്രി ആർ. ഭട്ട്, മഹേഷ് റാവു, വസന്ത് വി. കമ്മത്ത്, ജയന്തി കിണി എന്നിവർ സംസാരിച്ചു. ഗോവ, കർണാടക, കേരളം, തമിഴ്നാട്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. മണ്ട് സൊഭാണിനെയും പ്രസിഡന്റ് ലൂയിസ് ജെ. പിന്റോയെയും ഭാരവാഹികളെയും സംഘാടകരെയും യോഗം അഭിനന്ദിച്ചു. ഈ ചരിത്രനേട്ടത്തിനായി പ്രവർത്തിച്ച ഓരോ ഗായകനെയും സംഗീതജ്ഞനെയും സംഗീതസംവിധായകനെയും സന്നദ്ധപ്രവർത്തകനെയും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ഫോറം പ്രത്യേകം അനുമോദിച്ചു. ധർമ്മടത്തും മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഫോറം അംഗങ്ങൾ ഈ സന്തോഷം ആഘോഷിച്ചു.
ഒരു ലോക റെക്കോർഡ് സ്വന്തമാക്കി എന്നതിലുപരി കൊങ്കണി ഭാഷയുടെയും സംഗീതത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ശക്തി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു. ഒരു ഭാഷ നിലനിൽക്കുന്നത് അതിന്റെ സാഹിത്യത്തിലൂടെയും സംഗീതത്തിലൂടെയും സംസ്കാരത്തിലൂടെയും അതിനെ സ്നേഹിക്കുന്ന മനുഷ്യരുടെ കൂട്ടായ പരിശ്രമത്തിലൂടെയുമാണ്. ആയിരക്കണക്കിന് ആളുകളുടെ ശബ്ദം ഒരുമിച്ച് ഉയർന്നപ്പോൾ അത് ഒരു സംഗീതപരിപാടി മാത്രമായിരുന്നില്ല, കൊങ്കണി ഭാഷയോടുള്ള സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അഭിമാനത്തിന്റെയും വലിയ പ്രഖ്യാപനമായി മാറി.
മംഗലൂരുവിൽ നടന്ന ഈ ചരിത്രസംഭവം കൊങ്കണി ഭാഷയെ സ്നേഹിക്കുന്ന ഓരോ വ്യക്തിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഈ മഹത്തായ സംരംഭത്തിന് നേതൃത്വം നൽകിയ മണ്ട് സൊഭാണിനും ലൂയിസ് ജെ. പിന്റോയ്ക്കും എല്ലാ ഭാരവാഹികൾക്കും ഗായകർക്കും പങ്കാളികൾക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ നേട്ടം വരുംതലമുറകൾക്ക് കൊങ്കണി ഭാഷയെയും സംഗീതത്തെയും കൂടുതൽ സ്നേഹിക്കാനും സംരക്ഷിക്കാനും പ്രചോദനമാകും.

