കാനനപാതയിലൂടെ ആദ്യ സംഘമായി ശരത്; ഇത് തുടർച്ചയായ പത്തൊൻപതാം തവണ

വണ്ടിപ്പെരിയാർ: സത്രം കാനനപാതയിലൂടെ ഇത്തവണത്തെയും ശബരിമല തീർഥാടനത്തിന് തുടക്കം കുറിച്ച് കൊല്ലം പരവൂർ നെടുങ്ങോലം ചെരുവിള വീട്ടിൽ ശരത്തും സംഘവും. തുടർച്ചയായ പത്തൊൻപതാം തവണയാണ് ശരത് കാനനപാത വഴി ശബരിമലയിലേക്ക് തീർഥാടനം നടത്തുന്നത്.

പതിനൊന്നംഗ സംഘത്തിലെ പലരും മുൻ വർഷങ്ങളിലും ശരത്തിനൊപ്പം ഈ പാതയിലൂടെ മലകയറിയവരാണ്. പുലർച്ചെ തന്നെ സത്രത്തിലെത്തി ആദ്യ ടോക്കൺ സ്വന്തമാക്കിയാണ് ഇവർ യാത്ര ആരംഭിക്കുന്നത്. വർഷങ്ങളായി ഇവർ ഈ പതിവ് തെറ്റിക്കാതെ തുടരുന്നു. കാനനയാത്ര അത്രമാത്രം ആസ്വദിച്ചാണ് ഓരോ തവണയും നടത്തുന്നതെന്നും യാത്രയിൽ ക്ലേശങ്ങളൊന്നും തോന്നാറില്ലെന്നും ശരത് പറഞ്ഞു. വനം വകുപ്പും ആരോഗ്യ വകുപ്പും ഉൾപ്പെടെയുള്ള അധികൃതർ എല്ലാ സൗകര്യങ്ങളും കൃത്യമായി ഏർപ്പെടുത്തുന്നതിനാൽ ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് കുട്ടികളും ഇത്തവണത്തെ പതിനൊന്നംഗ സംഘത്തിലുണ്ട്. വർഷങ്ങളായി തുടരുന്ന അയ്യപ്പഭക്തിയും കാനനപാതയോടുള്ള ആത്മബന്ധവും വിളിച്ചോതുന്നതാണ് ശരത്തിന്റെയും സംഘത്തിന്റെയും ഈ തീർഥാടന യാത്ര.

ഫോട്ടോ അടിക്കുറിപ്പ്: സത്രത്തിൽ നിന്ന് കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് ആദ്യ ടോക്കൺ ലഭിച്ച കൊല്ലം പരവൂർ നെടുങ്ങോലം ചെരുവിള വീട്ടിൽ ശരത്തും സംഘവും.

Leave a Reply

Your email address will not be published. Required fields are marked *