ശബരിമലയില്‍ തിരക്ക് കൂടുമ്പോൾ വെർച്വൽ ക്യൂ ബുക്കിംഗ് വർധിപ്പിക്കും – മന്ത്രി കെ. മുരളീധരൻ

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടപ്പാക്കിയിട്ടുണ്ടെന്ന് ദേവസ്വം-ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. വെർച്വൽ ക്യൂ വഴി നിലവിൽ 60,000 ബുക്കിംഗിനും സ്പോട്ട് ബുക്കിംഗ് വഴി 14,000 പേർക്കുമാണ് അനുമതിയുള്ളത്. എന്നാൽ വരും ദിവസങ്ങളിൽ ഭക്തരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് കോടതിയുടെ കൂടി അനുമതിയോടെ ഇത് വർധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. ശബരിമല സന്നിധാനത്ത് ചൊവ്വാഴ്ച രാവിലെ ചേർന്ന ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോർഡ് ജീവനക്കാരുടെയും പോലീസിന്റെയും അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ശബരിമല ഇടത്താവളങ്ങളുടെ നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യത്തിൽ 3.36 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സന്നിധാനത്ത് അപ്പം, അരവണ പ്രസാദങ്ങൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും തിരക്കനുസരിച്ച് നിർമാണം വർധിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എല്ലായിടങ്ങളിലും ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ മാലിന്യ നീക്കം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സെക്ടറുകൾ തിരിച്ച് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സുഗമമായ തീർഥാടനത്തിനായി ‘സ്വാസ്ഥ്യം ശരണം’ പദ്ധതി നടപ്പാക്കിവരുന്നു. പമ്പ മുതൽ സന്നിധാനം വരെയായി അഞ്ച് അലോപ്പതി ആശുപത്രികളും 24 എമർജൻസി മെഡിക്കൽ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് കാർഡിയോളജിസ്റ്റുകൾ ഉൾപ്പെടെ 35 ഡോക്ടർമാരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ മുന്നിൽ കണ്ട് എല്ലാവിധ മരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ട്. എമർജൻസി മെഡിക്കൽ സെന്ററുകളിൽ പതിവിൽ നിന്ന് വിപരീതമായി പ്രത്യേക പരിശീലനം ലഭിച്ച നഴ്സിംഗ് സ്റ്റാഫിനെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനു പുറമെ മൂന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ, ഡിസ്ട്രിക്ട് വെക്ടർ കൺട്രോൾ യൂണിറ്റ്, സ്റ്റേറ്റ് എന്റമോളജി യൂണിറ്റ് എന്നിവയുടെ സേവനവും ലഭ്യമാണ്. നാല് തെറാപ്പിസ്റ്റുകളുടെ സേവനം ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആയുർവേദ, ഹോമിയോപ്പതി വിഭാഗങ്ങളും പ്രവർത്തനസജ്ജമാണ്.

തടസ്സരഹിതമായ കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ മനഃപൂർവം തടസ്സങ്ങൾ സൃഷ്ടിച്ചാൽ കർശന നടപടി സ്വീകരിക്കും. മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാൻ വേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ആന്റി വെനം, ട്രാൻക്വിലൈസർ എന്നിവ കൃത്യമായി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഹെൽത്ത് കാർഡുകൾ ഇത്തവണ കൃത്യമായി വിതരണം ചെയ്യും; 210 കാർഡുകൾ ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു. ഭക്തർക്കായി പമ്പയിൽ 15 ആംബുലൻസുകളും നിലയ്ക്കലിൽ 10 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. മണ്ഡലകാലം മുഴുവൻ പരാതിരഹിതമായ പ്രവർത്തനങ്ങൾ നടത്താൻ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉണ്ടാകണമെന്നും തിരക്ക് വർധിക്കുന്നതനുസരിച്ച് ചുക്കുവെള്ളം, ബിസ്കറ്റ് എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

അതേസമയം, പമ്പയിൽ കുളിക്കുന്ന അയ്യപ്പഭക്തർ കുളിച്ച ശേഷം വസ്ത്രം പുഴയിൽ ഉപേക്ഷിക്കുന്ന പ്രവണത വീണ്ടും തുടരുകയാണെന്നും ഇത് കർശനമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ യോഗത്തിൽ പറഞ്ഞു. പുഴയിലെ വസ്ത്രങ്ങൾ നീക്കം ചെയ്യുന്നതിനായി വെള്ളത്തിൽ ഇറങ്ങാൻ സന്നദ്ധരായ കൂടുതൽ ആളുകളെ നിയോഗിക്കും. മൂന്ന് മണിക്കൂർ കൂടുമ്പോഴെങ്കിലും മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. അന്നദാനം നടക്കുന്ന ഇടങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി. സന്തോഷ് കുമാർ, എ.ഡി.ജി.പി പി. വിജയൻ, സന്നിധാനം സ്പെഷ്യൽ ഓഫീസർ ജി. ജയദേവ്, ശബരിമല എ.ഡി.എം ദിലീപ് കെ. കൈനക്കര, എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *