പാലക്കാട്: പാലക്കാടിന്റെ പൈതൃകമുണർത്തുന്ന കൽപാത്തി രഥോത്സവത്തിലെ വർണാഭമായ ദേവരഥ സംഗമം കാണാൻ ഗ്രാമവീഥികളിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. ഭക്തിയുടെയും ഒരുമയുടെയും വിളംബരമായി മാറിയ രഥപ്രയാണങ്ങൾക്കും സംഗമക്കാഴ്ചകൾക്കും സാക്ഷിയായാണ് ഭക്തർ മടങ്ങിയത്.
പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രാവിലെ വിഗ്രഹങ്ങൾ തേരിലേറ്റിയതോടെയാണ് കൽപാത്തിയിലേക്ക് ഭക്തജനത്തിരക്ക് ആരംഭിച്ചത്. വൈകിട്ടോടെ തേരുകളുടെ ഗ്രാമപ്രദക്ഷിണം തുടങ്ങി. ഭക്തർ പിറകോട്ട് നടന്ന് തേരു വലിച്ചപ്പോൾ അവർക്ക് വഴിയൊരുക്കി കാഴ്ചക്കാരും ഒപ്പം കൂടിയത് രഥോത്സവത്തെ അക്ഷരാർഥത്തിൽ ഒരുമയുടെ ഉത്സവമാക്കി മാറ്റി.
വിശാലാക്ഷിസമേത വിശ്വനാഥന്റെയും ഗണപതിയുടെയും വള്ളി ദൈവാന സമേത സുബ്രഹ്മണ്യന്റെയും തേരുകൾ ഗ്രാമപ്രദക്ഷിണം പൂർത്തിയാക്കി വൈകിട്ട് ശിവക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിക്ക് സമീപമെത്തിയതോടെയാണ് പ്രസിദ്ധമായ രഥസംഗമത്തിന് കളമൊരുങ്ങിയത്. പുതിയ കൽപാത്തി മന്ദക്കര മഹാഗണപതിയുടെ തേരിന്റെ പ്രദക്ഷിണവും ഇതിനിടെ ആരംഭിച്ചിരുന്നു. അഗ്രഹാരവീഥിയിലൂടെ ലക്ഷ്മീനാരായണ പെരുമാളുടെ രഥം മന്ദക്കര മഹാഗണപതിയെ വണങ്ങാൻ നീങ്ങിയപ്പോൾ ആവേശത്തോടെയാണ് ജനസാഗരം വഴിയൊരുക്കിയത്. വിശ്വനാഥ ക്ഷേത്രത്തിലെ മൂന്നു തേരുകളും തേരുമുട്ടിയിൽ നിലയുറപ്പിച്ചതോടെ കൽപാത്തി അക്ഷരാർഥത്തിൽ ജനസമുദ്രമായി മാറി. ഗണപതിത്തേര് ആനയെ കൊണ്ടു തള്ളിനീക്കിയ കാഴ്ചയ്ക്ക് ആർപ്പുവിളികളോടെയാണ് ഭക്തർ അകമ്പടി സേവിച്ചത്.
മന്ദക്കര ഗണപതിയെ വണങ്ങി ലക്ഷ്മീനാരായണ പെരുമാൾ തിരികെയെത്തുമ്പോൾ ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ തേരും അവിടേക്കെത്തി. ഇതോടെ ഗ്രാമവീഥികളെ ആവേശത്തിലാഴ്ത്തി സമ്പൂർണ രഥസംഗമമായി. മേളങ്ങളെ വെല്ലുന്ന ആർപ്പുവിളികളോടെയാണ് ത്രിസന്ധ്യയിലെ ഈ ദേവസംഗമത്തെ ഭക്തർ വരവേറ്റത്. അടുത്ത ആണ്ടിലെ ഉത്സവത്തിനായി മനസ്സിൽ പ്രാർഥനയോടെയും ഈ വർഷത്തെ മനോഹരമായ ഓർമ്മകളോടെയുമാണ് ഭക്തർ കൽപാത്തിയിൽ നിന്നും മടങ്ങിയത്.

