ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇരുവശങ്ങളിലുമുള്ള രണ്ട് തദ്ദേശീയ കലാകാരന്മാരുടെ സർഗ്ഗാത്മക സംഗമത്തിന് വേദിയായി ഡൽഹിയിലെ ലോധി ആർട്ട് ഡിസ്ട്രിക്റ്റ്. ഓസ്ട്രേലിയൻ തദ്ദേശീയ (ഫസ്റ്റ് നേഷൻസ്) കലാകാരി യാരിറ്റ്ജി യങ്ങും മുംബൈയിലെ കോലി സമുദായാംഗമായ കലാകാരൻ പരാഗ് തണ്ടേലും ചേർന്നൊരുക്കിയ ‘ബിഫോർ ഡിസ്റ്റൻസ്’ എന്ന ചുവർചിത്രമാണ് സാംസ്കാരിക വിനിമയത്തിന്റെ പുത്തൻ മാതൃകയാകുന്നത്.
പൂർവ്വികരുടെ അറിവുകൾ, സാംസ്കാരിക സ്മരണകൾ, പ്രകൃതിയും മനുഷ്യസമൂഹവും തമ്മിലുള്ള അഭേദ്യമായ ബന്ധം എന്നിവയാണ് ഈ കലാസൃഷ്ടിയുടെ പ്രമേയം. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ വളർന്നുവരുന്ന സാംസ്കാരിക ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണിത്. ഇരുരാജ്യങ്ങളിലെയും കലാകാരന്മാർ ഒന്നിക്കുമ്പോൾ ഉണ്ടാകുന്ന വലിയ സാധ്യതകളുടെ ഉദാഹരണമാണിതെന്ന് ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ അഭിപ്രായപ്പെട്ടു. സർക്കാർ തലത്തിലും സാമ്പത്തിക-തന്ത്രപ്രധാന മേഖലകളിലും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
കടലുമായി ഇഴചേർന്നുകിടക്കുന്ന കോലി സമുദായത്തിന്റെ പാരമ്പര്യവും അറിവുകളും അന്താരാഷ്ട്ര വേദിയിലെത്തിക്കാൻ ഈ ചിത്രത്തിലൂടെ സാധിച്ചതായി പരാഗ് തണ്ടേൽ പറഞ്ഞു. രണ്ട് പതിറ്റാണ്ടായി കോലി സമുദായത്തിന്റെ ജീവിതരീതികളും വിശ്വാസങ്ങളും രേഖപ്പെടുത്തുന്ന കലാകാരനും നരവംശശാസ്ത്ര ഗവേഷകനുമാണ് അദ്ദേഹം. യാരിറ്റ്ജി യങ്ങിന്റെ മരുഭൂമി പശ്ചാത്തലവും തന്റെ തീരദേശ പശ്ചാത്തലവും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ ചരിത്രബന്ധമാണ് തങ്ങളെ ഒന്നിപ്പിച്ചതെന്ന് തണ്ടേൽ ചൂണ്ടിക്കാട്ടി. ‘ആംഗു കൺട്രി’ (Aangu Country), ‘ടാല ചുകുർപ’ (Tjala Tjukurpa – ഹണി ആന്റ് സ്റ്റോറി) എന്നിവയെ ആസ്പദമാക്കി ചിത്രരചന നടത്തുന്ന യാരിറ്റ്ജി യങ്ങും തണ്ടേലിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷം പങ്കുവെച്ചു.
സാംസ്കാരികമായ വ്യത്യാസങ്ങൾക്കിടയിലും ഭൂമി, ജലം, സമൂഹം എന്നിവയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടാണ് ചിത്രത്തിന് ആധാരമായത്. ജലത്തിലെ ‘ഓളങ്ങൾ’ (Ripple) ആണ് ചുവർചിത്രത്തിന്റെ കേന്ദ്ര പ്രമേയം. ഓസ്ട്രേലിയൻ മരുഭൂമികളിൽ മഴയ്ക്ക് ശേഷം കെട്ടിക്കിടക്കുന്ന ജലത്തെയും, തലമുറകളായി തീരദേശ മത്സ്യബന്ധന സമൂഹങ്ങൾക്ക് പരിചിതമായ കടലിന്റെ ചലനങ്ങളെയും ഇത് പരസ്പരം ബന്ധിപ്പിക്കുന്നു. ചുവർചിത്രം പൂർത്തിയാകുന്നതിന്റെ ദൃശ്യങ്ങൾ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ എക്സിലൂടെ (X) പങ്കുവെക്കുകയും ലോധി ആർട്ട് ഡിസ്ട്രിക്റ്റിലെത്തി ഈ കലാസൃഷ്ടി കാണാൻ ഡൽഹി നിവാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

