കാൻബറ: ഓസ്ട്രേലിയയിലുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾ പുതിയ സ്റ്റുഡന്റ് വിസയ്ക്ക് (സബ്‌ക്ലാസ് 500) അപേക്ഷിക്കുന്നതിനുള്ള ആകെ ഫീസ് 4,000 ഓസ്ട്രേലിയൻ ഡോളറായി ഉയർന്നു. നിലവിലുണ്ടായിരുന്ന 2,500 ഓസ്ട്രേലിയൻ ഡോളറിന് പുറമെ 1,500 ഡോളറിന്റെ പുതിയ ഓൺഷോർ അപേക്ഷാ നിരക്ക് 2026 നവംബർ 28 മുതൽ പ്രാബല്യത്തിൽ വന്നതോടെയാണിത്. അപേക്ഷയിലുള്ള ഓരോ വ്യക്തിക്കും ഈ അധിക നിരക്ക് ബാധകമാണ്. അതായത്, അപേക്ഷയോടൊപ്പം ഉൾപ്പെടുത്തുന്ന കുടുംബാംഗങ്ങൾക്കും ഈ ഉയർന്ന നിരക്ക് നൽകേണ്ടിവരും.
അതേസമയം, ചില പ്രത്യേക വിഭാഗങ്ങളെ ഈ അധിക സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആസിയാൻ (ASEAN) രാജ്യങ്ങളിലെ പൗരന്മാർ, പസഫിക് ദ്വീപ് രാഷ്ട്രങ്ങളിൽ നിന്നും തിമോർ-ലെസ്റ്റെയിൽ നിന്നുമുള്ള അർഹരായ പൗരന്മാർ, എലിക്കോസ് (ELICOS) അഥവാ നോൺ-അവാർഡ് പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് ഈ അധിക ഫീസിൽ നിന്ന് ഇളവ് ലഭിക്കും.
അതിനിടെ, വിസ ഫീസ് വർദ്ധനവ് രാജ്യത്തിന്റെ 55 ബില്യൺ ഓസ്ട്രേലിയൻ ഡോളർ മൂല്യമുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് യൂണിവേഴ്സിറ്റീസ് ഓസ്ട്രേലിയ മുന്നറിയിപ്പ് നൽകി. ഈ മേഖലയിൽ പുതിയ എൻറോൾമെന്റുകളിൽ ഇതിനോടകം തന്നെ 12 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

