അധിനിവേശ കാശ്മീരില്‍ പാക് സര്‍ക്കാര്‍ കൊമ്പുകുത്തി, പ്രക്ഷോഭത്തിനു വിജയം

ഇസ്ലാമാബാദ്: പാക് അധിനിവേശ കാശ്മീരിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു വിജയകരമെന്നു വിലയിരുത്തപ്പെടുന്ന പര്യവസാനം. സമരക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളിലാണ് പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞത്. സമരക്കാര്‍ ഉന്നയിച്ച 38 ആവശ്യങ്ങളില്‍ 25 എണ്ണവും അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. മറ്റുവഴികള്‍ ഇല്ലാതെ വന്നതോടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു.
പാക് അധിനിവേശ കാശ്മീരിലെ പന്ത്രണ്ട് നിയമസഭാ സീറ്റുകളില്‍ കാശ്മീരി അഭയാര്‍ഥികള്‍ക്കുള്ള സംവരണം അവസാനിപ്പിക്കുക, ഗോതമ്പുമാവിന് സബ്‌സിഡി അനുവദിക്കുക, സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുക, വൈദ്യുതി നിരക്ക് കുറയ്ക്കുക എന്നിവ ഉള്‍പ്പെടെ 38 ആവശ്യങ്ങളായിരുന്നു സമരക്കാര്‍ മുന്നോട്ടു വച്ചിരുന്നത്. കഴിഞ്ഞ മാസം 29ന് ആരംഭിച്ച പ്രക്ഷാഭം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും പുറത്തെടുത്തുവെങ്കിലും അവയൊക്കെ മുന മടങ്ങിയ അവസ്ഥയിലാകുകയായിരുന്നു. അടിച്ചമര്‍ത്തല്‍ ശ്രമം ശക്തമാക്കിയതിനൊപ്പം പ്രക്ഷോഭവും ശക്തമായപ്പോഴാണ് സമവായത്തിന്റെ പാതയിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ച് സര്‍ക്കാര്‍ തോല്‍വി സമ്മതിക്കുകയും ചെയ്തു. ബാക്കി ആവശ്യങ്ങളും വൈകാതെ അംഗീകരിക്കുമെന്നാണ് അറിയുന്നത്.