ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ വാങ്ങിയ രണ്ടാമത്തെ കാര്‍ ഹരിയാനയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഭീകരരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഹരിയാനയിലെ ഫരീദാബാദിലെ ഖണ്ഡാവാലി ഗ്രാമത്തില്‍ നിന്നാണ് ഇന്നലെ കാര്‍ കണ്ടെത്തിയത്. ചെങ്കോട്ട ആക്രമണകാരികള്‍ ഐ20 കാറിനു പുറമെ ഒരു കാര്‍ കൂടി വാങ്ങിയിരുന്നെന്ന് ആദ്യമേ വ്യക്തമായിരുന്നു. ആ കാര്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ആണെന്ന് ഇന്നലെ രാവിലെ തന്നെ വ്യക്തമായിരുന്നു. അതോടെയാണ് ആ കാറിനായി വ്യാപകമായ അന്വേഷണം ആരംഭിച്ചത്.
2017 നവംബര്‍ 22ന് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത ഡിഎല്‍ 10 സികെ 0458നമ്പര്‍ ചുവന്ന ഇക്കോസ്‌പോര്‍ട് കാര്‍ ആണ് കണ്ടെത്തിയിരിക്കുന്നത്. സ്‌ഫോടനത്തിന് ഉത്തരവാദിയായ ഡോ. ഉമര്‍ ഉന്‍ നബിയാണ് ഈ കാര്‍ അവസാനമായി വാങ്ങിയിരിക്കുന്നത്. ഖണ്ഡാവാലി ഗ്രാമത്തിലെ ഒരു വീടിനുള്ളില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് കാര്‍ കണ്ടെത്തിയത്. ഡോ. ഉമര്‍ ജോലി ചെയ്തിരുന്ന അല്‍ ഫലാ സര്‍വകലാശാലയില്‍ നിന്ന് പന്ത്രണ്ടു കിലോമീറ്ററാണ് ഈ വീട്ടിലേക്കുള്ള ദൂരം.
ഒരു വ്യാജ മേല്‍വിലാസത്തിലാണ് ഡോ. ഉമര്‍ ഈ കാര്‍ വാങ്ങിയിരിക്കുന്നതെന്നു സംശയിക്കന്നു. കാറിനെ സംബന്ധിച്ചും ഇതിന്റെ മുന്‍ ഉടമകളെ സംബന്ധിച്ചും വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

