സിഡ്‌നി: ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയ പുതിയ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട വിഷയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ട് ചർച്ച ചെയ്യുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു. ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ അമേരിക്ക പ്രഖ്യാപിച്ച ഉയർന്ന താരിഫ് തികച്ചും അനാവശ്യമാണെന്നും വിഷയം നയതന്ത്ര തലത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർബന്ധിത തൊഴിൽ വഴി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ വ്യാപാരം തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് ഭരണകൂടം 12.5 ശതമാനം വരെ തീരുവ ചുമത്തിയത്. എന്നാൽ ഓസ്‌ട്രേലിയയിൽ ആധുനിക അടിമത്തത്തിനും നിർബന്ധിത തൊഴിലിനുമെതിരെ ശക്തവും സമഗ്രവുമായ നിയമങ്ങൾ നിലവിലുണ്ടെന്നും അമേരിക്കയുടെ ആരോപണ ങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആൽബനീസ് പ്രതികരിച്ചു. ഓസ്‌ട്രേലിയയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിന്റെ എല്ലാ തലങ്ങളിലും ഈ വിഷയം ഉന്നയിച്ച് താരിഫ് ഒഴിവാക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

