ബീഹാറിലെ സസാറാം മണ്ഡലത്തില്‍ ട്രക്കില്‍ വോട്ടിങ് യന്ത്രങ്ങള്‍ കൗണ്ടിങ് കേന്ദ്രത്തിലെത്തിച്ചതായി ആരോപണം

പാറ്റ്‌ന: മുന്‍കൂര്‍ അറിയിപ്പ് കൂടാതെ ബീഹാറിലെ സസാറാം നിയമസഭാ മണ്ഡലത്തിലെ വജ്രഗൃഹ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ നിറച്ച ട്രക്ക് കടത്തിയെന്നാരോപിച്ച് ആര്‍ജെഡി രംഗത്തെത്തി. ട്രക്ക് കടത്തിയ സമയത്ത് വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരിക്കുകയായിരുന്നെന്നും പാര്‍ട്ടി ആരോപിച്ചു. ബുധനാഴ്ച രാത്രി ഈ വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ വജ്രഗൃഹ കൗണ്ടിങ് സ്‌റ്റേഷനു മുന്നില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ബീഹാറിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിനോദ് സിങ് ഗുഞ്ചിയാലില്‍ നിന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും വിശദീകരണം ലഭിക്കാതെ പിരിഞ്ഞു പോകില്ലെന്നാണ് അവരുടെ നിലപാട്.

മുന്‍കൂര്‍ അറിയിപ്പോ സുതാര്യതയോ ഇല്ലാതെയാണ് ട്രക്കുകള്‍ കടത്തിക്കൊണ്ടു വന്നതെന്നും ട്രക്ക് ഡ്രൈവര്‍മാരെ ചോദ്യം ചെയ്യാതെ പറഞ്ഞയച്ചതായും ആര്‍ജെഡി ആരോപിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.

എന്നാല്‍ ആര്‍ജെഡിയുടെ അരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റോഹ്താസ് ജില്ലാ മജിസ്‌ട്രേറ്റ് ഉദിത സിങ് പറഞ്ഞു. ട്രക്കില്‍ ശൂന്യമായ സ്റ്റീല്‍ ബോക്‌സുകളാണ് ഉണ്ടായിരുന്നത്. നിരവധി സ്ഥാനാര്‍ഥികളുടെ അവരുടെ അനുയായികളുടെയും സാന്നിധ്യത്തില്‍ ട്രക്ക് പരിശോധിച്ചതാണെന്നും ഉദിത സിങ് പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *