പാറ്റ്‌ന: എക്‌സിറ്റ് പോളുകളെ പോലും കടത്തിവെട്ടുന്ന വിജയത്തിലേക്ക് എന്‍ഡിഎ കുതിക്കുന്ന കാഴ്ചയാണ് ബീഹാറിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കാണാനാകുന്നത്. ചരിത്ര വിജയമാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ നേതൃത്വത്തില്‍ ബീഹാറില്‍ ദേശീയ ജനാധിപത്യ സഖ്യം കൈവരിക്കുന്നത്. ബീഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുകയാണ്. ഒന്നാം സ്ഥാനത്തിനുള്ള മത്സരം ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും തമ്മിലായിരിക്കുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന തേജസ്വി യാദവിന്റെ ആര്‍ജെഡി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങുകയാണ്. കോണ്‍ഗ്രസാകട്ടെ ഒറ്റയക്കത്തിനപ്പുറത്തേക്ക് സീറ്റുകളുടെ എണ്ണം കൂട്ടാനാവാത്ത അവസ്ഥയിലേക്ക് താഴ്ന്നു പോകുകയും ചെയ്തു.
വോട്ടെടുപ്പിനു പിന്നാലെ നടന്ന എക്‌സിറ്റ് പോളുകള്‍ ഭരണതുടര്‍ച്ചയായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ അതില്‍ എന്‍ഡിഎയ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ചിരുന്ന മാട്രിസ് പോലും 167 സീറ്റുകള്‍ വരെയായിരുന്നു കണക്കു കൂട്ടിയിരുന്നത്. അതിലും വളരെ ഉയര്‍ന്ന് 191 സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. മിക്ക എക്‌സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് നൂറ്റി മുപ്പതിലേറെ സീറ്റുകള്‍ പ്രവചിച്ചവയായിരുന്നു.
നിലവില്‍ ബിജെപി 90 സീറ്റിലും ജെഡിയു 79 സീറ്റിലും ആര്‍ജെഡി 30 സീറ്റിലും ചിരാഗ് പസ്വാന്റെ എല്‍ജെപി 21 സീറ്റിലും എഐഎംഐഎം അഞ്ചു സീറ്റിലും കോണ്‍ഗ്രസ് നാലു സീറ്റിലും സിപിഐ എംഎല്‍ നാലു സീറ്റിലും മുന്നിലാണ്. 2020ലെ സീറ്റു നില ബിജെപി-74, ജെഡിയു-43, ആര്‍ജെഡി-75, എല്‍ജെപി-1, കോണ്‍ഗ്രസ്-19, എഐഎംഐഎം-5, സിപിഐ എംഎല്‍-12 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ തവണ എന്‍ഡിഎയ്ക്ക് 125 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ ഇതുവരെ ലീഡ് നേടിയിരിക്കുന്നത് 198 സീറ്റുകളിലാണ്. ഇന്ത്യ മുന്നണിക്ക് കഴിഞ്ഞ തവണ 110 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ ലീഡ് നേടാനായിരിക്കുന്നത് 39 സീറ്റുകളിലാണ്.

