കൊച്ചി: ഇ കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടില്‍ കൃത്രിമം കാണിച്ച് 1.61 കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത നാല് ഡെലിവറി ഹബ്ബ് ഇന്‍ ചാര്ജുമാര്ക്കെതിരേ കേസ്. കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ ഡെലിവറി ഹബ്ബുകളുടെ ഇന്‍ചാര്‍ജുമാരായ സിദ്ദിഖ് കെ അലിയാര്, ജാസിം ദിലീപ്, പി എ ഹാരിസ്, മഹിന്‍ നൗഷാദ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
332 ഫോണുകളാണ് ഇവര്‍ കൈക്കലാക്കിയത്. തട്ടിപ്പിന്റെ രീതി ഇങ്ങനെ. ഒന്നിലധികം മൊബൈല്‍ നമ്പരുകള്‍ ഉപയോഗിച്ച് വ്യാജ വിലാസങ്ങള്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ഇത്തരം വിലാസങ്ങളിലേക്ക് ഓര്‍ഡര്‍ ചെയ്ത് ഫോണുകള്‍ ഡെലിവറി ഹബ്ബില്‍ എത്തിക്കുന്നു. അവിടെ നിന്ന് ഇവ നഷ്ടപ്പെട്ടതായി രേഖകളില്‍ കാണിക്കുകയും ഫോണ്‍ പുറത്തേക്ക് കടത്തിക്കൊണ്ടു പോകുകയും ചെയ്യുന്നു. ഓഗസ്റ്റ് 31 മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പുകള്‍ നടന്നിരുന്നത്. വിഷയം കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടതോടെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു.

