ബീഹാര്‍ തൂത്തുവാരി മോദി-നിതീഷ് അച്ചുതണ്ട്, 243 സീറ്റുകളില്‍ 202ലും മുന്നേറ്റം, പ്രതിപക്ഷം അമ്പേ തകര്‍ന്നടിഞ്ഞു

പാറ്റ്‌ന: രാജ്യമൊന്നാകെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) ഒരുപക്ഷേ അവര്‍ പോലും പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ വിജയം നല്‍കുന്നതായി. ഏറ്റവും ഉയര്‍ന്ന വിജയശതമാനം പ്രവചിച്ച എക്‌സിറ്റ് പോളുകളെക്കാള്‍ പോലും മുകളിലുള്ള വിജയത്തിന്റെ പതാക പാറിച്ച മോദി-നിതീഷ് കൂട്ടുകെട്ടിന് ഇത് അഭിമാന നിമിഷം. 243 നിയമസഭാ സീറ്റുകളില്‍ 202ലും മികച്ച ലീഡോടെ വിജയത്തിലെത്താന്‍ എന്‍ഡിഎയ്ക്കു കഴിഞ്ഞു. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെട്ട മഹാസഖ്യത്തിന് 35 സീറ്റിനു മുകളിലേക്കു പോകാന്‍ കഴിഞ്ഞതുമില്ല. ആര്‍ജെഡി 25 സീറ്റിലും കോണ്‍ഗ്രസ് ആറു സീറ്റിലും ഇടതുപാര്‍ട്ടികള്‍ മൂന്നു സീറ്റിലുമാണ് വിജയിച്ചത്.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിനു പോലും തന്റെ ഉറച്ച കോട്ടയില്‍ ജയിക്കാനായത്. മത്സരിച്ച 101 മണ്ഡലങ്ങളില്‍ 89 ഇടത്തും ബിജെപി മുന്നേറുകയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തു. നിതീഷ് കുമാറിന്റെ ജെഡിയുവും 2020മായി താരതമ്യം ചെയ്യുമ്പോള്‍ ഗംഭീര നേട്ടമുണ്ടാക്കി. അന്ന് 43 സീറ്റുകളില്‍ ഒതുങ്ങിയ അവര്‍ ഇക്കുറി നേടിയത് 85 സീറ്റ്. പത്തൊമ്പതു ശതമാനം വോട്ട് ജെഡിയു മാത്രം കരസ്ഥമാക്കി.

രാജ്യത്തെ ഏറ്റവും ജനപിന്തുണയും വിജയസാധ്യതയുമുള്ള പാര്‍ട്ടി തങ്ങളാണെന്ന ബിജെപിയുടെ അവകാശവാദത്തിന് അതിരുകളില്ലാത്ത സാക്ഷ്യമാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ വിജയത്തിനു ശേഷം തികച്ചും ആധികാരികമായ ജയം ബീഹാറില്‍ കൂടി കരസ്ഥമാക്കാന്‍ ബിജെപിക്കു സാധിച്ചിരിക്കുനനു. 122 സീറ്റുകള്‍ വിജയിച്ചാല്‍ ബീഹാറില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നിരിക്കെയാണ് അതിനെക്കാള്‍ എണ്‍പതിലധികം സീറ്റുകള്‍ കൂടുതല്‍ നേടി എന്‍ഡിഎ ഭരണത്തിലേക്കു തിരിച്ചുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *