ബെഗളൂരു: കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന കരിമ്പിന് വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ നടന്നു വന്ന കര്‍ഷക പ്രക്ഷോഭം അക്രമാസക്തമായി. ബാഗല്‍കോട്ട് ജില്ലയിലെ മുധോളില്‍ നടന്ന സമരത്തില്‍ പഞ്ചസാര ഫാക്ടറിയിലേക്ക് കരിമ്പുമായി വന്ന 96 ട്രാക്ടറുകള്‍ പ്രക്ഷോഭകാരികളെന്നു സംശയിക്കുന്നവര്‍ അഗ്നിക്കിരയാക്കി. 350 ടണ്ണോളം കരിമ്പ് കത്തിനശിച്ചതായി പറയുന്നു. എന്നാല്‍ ട്രാക്ടറുകള്‍ക്ക് തീയിട്ടത് കര്‍ഷകരോ പ്രക്ഷോഭത്തില്‍ ഉള്‍പ്പെട്ടവരോ അല്ലെന്നാണ് കര്‍ഷക സമരസമിതിയുടെ ഭാരവാഹികള്‍ പറയുന്നത്.
മുധോളിയിലെ സമീര്വാഡിയിലുള്ള ഫാക്ടറിയുടെ മുന്നിലാണ് സംഭവം നടന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് സംഭവസ്ഥലത്തെത്തിയ കരിമ്പുകൃഷി വികസന വകുപ്പ് മന്ത്രി ശിവാനന്ദ് പാട്ടീല്‍ പറഞ്ഞു. ഒരു ടണ്‍ കരിമ്പിന് 3500 രൂപയായി വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. ഇതേ ആവശ്യം ഉന്നയിച്ച് ബെലഗാവിയിലും സമരം നടന്നിരുന്നു. സര്‍ക്കാര്‍ ഇടപെട്ടാണ് ആ സമരം ഒത്തുതീര്‍പ്പാക്കിയത്. അവിടെ ടണ്ണിന് 3300 രൂപയായി വില ഉയര്‍ത്തിയിരുന്നു.

