മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ ഒരു പെന്നിസ്റ്റോക്കിന്റെ വിജയകഥയാണ് പാടി നടക്കുന്നത്. തുച്ഛമായ വിലയില്‍ വ്യാപാരം ചെയ്യപ്പെടുന്ന ഓഹരികളെയാണ് പെന്നിസ്റ്റോക്ക് ഓഹരികളെന്നു വിളിക്കുന്നത്. നാടന്‍ ഭാഷയില്‍ അഞ്ചുപൈസ ഓഹരികള്‍ എന്ന് ഇവയെ വിളിക്കാം. വില വളരെ കുറവായതിനാല്‍ ഓഹരി വിപണിയിലെ തുടക്കക്കാരും സാധാരണക്കാരും വാങ്ങുന്നത് ഇവയായിരിക്കും. ചില പെന്നിസ്റ്റോക്കുകള്‍ ഉയര്‍ന്ന് മാനം മുട്ടുന്ന അവസ്ഥയിലും എത്തിയേക്കാം. അത്തരമൊരു ഓഹരിയാണ് കപ്പല്‍ നിര്‍മാണ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്വാന്‍ ഡിഫന്‍സ് ആന്‍ഡ് ഹെവി ഇന്‍ഡസ്ട്രീസിന്റെത്. സ്വര്‍ണത്തെക്കാളും വെള്ളിയെക്കാളുമൊക്കെ മികച്ച റിട്ടേണ്‍സാണ് ഇക്കൊല്ലം സ്വാനിന്റെ ഓഹരിയില്‍ നിന്നു നിക്ഷേപകര്‍ക്കു കിട്ടിയത്. ഇന്ത്യയിലെ കപ്പല്‍ നിര്‍മാണ രംഗത്തുണ്ടായ ഉണര്‍വാണ് സ്വാനിനെ മാനം മുട്ടെ വളര്‍ത്തിയത്.
ഈ വര്‍ഷം ജനുവരി 20ന് വെറും 35.99 രൂപയായിരുന്നു സ്വാനിന്റെ ഓഹരിയുടെ വില. എന്നാല്‍ ഈയാഴ്ച അവസാനമെത്തിയതോടെ അത് കുതിച്ചുയര്‍ന്ന് 1036 എന്ന സര്‍വകാല റെക്കോഡിലേക്ക് ഉയര്‍ന്നു. അതായത് ജനുവരിയില്‍ 35990 രൂപ നല്‍കി സ്വാനിന്റെ ആയിരം ഓഹരി വാങ്ങിയ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം വിറ്റഴിച്ചാല്‍ കിട്ടുന്നത് 1036,000 രൂപ. അഞ്ചു വര്‍ഷം മുമ്പ് 2020 നവംബറില്‍ വെറും 2.70 രൂപയായിരുന്നു സ്വാനിന്റെ ഒരു ഓഹരിക്കുണ്ടായിരുന്നത്. മൂന്നു വര്‍ഷത്തോളം ഒരു വളര്‍ച്ചയുമുണ്ടായില്ല. 2023 ജൂലൈയില്‍ വില അല്‍പം താഴ്ന്ന് 2.30 രൂപ വരെയാകുകയും ചെയ്തു. അവിടെ നിന്ന് മെല്ലെ ഓഹരി വില പച്ചപിടിക്കുകയായിരുന്നു. ഇക്കൊല്ലമാണ് റോക്കറ്റ് പോലെ വില കുതിച്ചുയര്‍ന്നത്. ഇതിനിടെ കമ്പനിയുടെ വിപണി മൂലധനം 5400 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. ഇന്ത്യയിലെ കപ്പല്‍ നിര്‍മാണ മേഖലയ്ക്കുണ്ടായ ഉണര്‍വാണ് സ്വാനിനു തുണയായി മാറിയത്.

