നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ച അധ്യാപകന് മരണം വരെ ജീവപര്യന്തം, ബിജെപി നേതാവ്, പോലീസിന്റെ ഒത്തുകളി

തലശേരി: കണ്ണൂര്‍ ജില്ലയിലെ പാലത്തായിയില്‍ നാലാംക്ലാസുകാരിയെ സ്‌കൂളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനായ കെ. പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി അതിവേഗ പോക്‌സോ കോടതി. കണ്ണൂരിലെ പ്രമുഖ ബിജെപി നേതാവു കൂടിയായ പത്മരാജന്റെ കേസ് വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പോലീസിന്റെ വ്യാപകമായ ഉപേക്ഷയും ഭരണകക്ഷിയുടെ വഴിവിട്ട സഹായവുമെല്ലാം ഈ കേസുമായി ബന്ധപ്പെട്ട് ചര്‍ച്ചയായിരുന്നു.

നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ അധ്യാപകനായിരുന്ന പ്രതി അതേ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും സമീപത്തൊരു വീട്ടില്‍ വച്ചും ലൈംഗിമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ബിജെപിയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സംഘപരിവാര്‍ അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ കണ്ണൂര്‍ ജില്ലാ നേതാവുമായിരുന്നു ഇയാള്‍.2020 മാര്‍ച്ച് മാസത്തിലായിരുന്നു സംഭവം. തുടര്‍ന്ന് പരാതി തലശേരി ഡിവൈഎസ്പിക്കു ലഭിച്ചുവെങ്കിലും ആദ്യ ഘട്ടത്തിലൊന്നും കേസ് എടുക്കാന്‍ പോലും തയ്യാറായിരുന്നില്ല. അതിശക്തമായ ജനകീയ പ്രതിഷേധത്തിനൊടുവിലാണ് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.

പോലീസിന്റെ പക്ഷപാതത്തിനെതിരേ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തെങ്കിലും ഭരണപക്ഷത്തു നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും വളരെ വൈകി. വീണ്ടും പ്രതിഷേധം ശക്തമായതോടെയാണ് തൊണ്ണൂറു ദിവസം തികയുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. എന്നാല്‍ അതില്‍ പോക്‌സോ വകുപ്പ് പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. അതോടെ അനായാസം പ്രതി ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഒടുവില്‍ കോടതിയാണ് ഇരയായ ബാലികയുടെ രക്ഷയ്ക്ക് ഇപ്പോഴെത്തിയിരിക്കുന്നത്. പോലീസിന്റെ എല്ലാ വീഴ്ചകള്‍ക്കുമിടയിലാണ് കോടതി പോക്‌സോ വകുപ്പ് ശരിവച്ചതും കടുത്ത ശിക്ഷ തന്നെ വിധിച്ചിരിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *