ചെന്നൈ: മലയാളി സഞ്ജു സാംസന് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയെങ്കിലും ടീമിനെ നയിക്കുകയില്ലെന്നു വ്യക്തമായി. അടുത്ത സീസണിലേക്കുള്ള ക്യാപ്റ്റനെ സിഎസ്കെ പ്രഖ്യാപിച്ചു. 2023 സീസണില്‍ ടീമിനെ നയിച്ച ഋതുരാജ് ഗെയ്ക്വാദ് തന്നെയായിരിക്കും ഇക്കുറിയും ക്യാപ്റ്റന്‍. ഇതിനിടെ കഴിഞ്ഞ സീസണില്‍ ഗെയ്ക്വാദിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇറങ്ങാന്‍ സാധിക്കാതെ വന്നപ്പോള്‍ ധോനി തന്നെ ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍സിയില്‍ എത്തുകയാണുണ്ടായത്. 2019 മുതല്‍ ഗെയ്ക്വാദ് ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ളതാണ്.
2021 മുതല്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുള്ള സഞ്ജു ചെന്നൈയ്ക്കൊപ്പമെത്തിയതോടെ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാകുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. ധോനിക്കു ശേഷം ചെന്നൈയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ച പേര് സഞ്ജുവിന്റെയായിരിക്കുമെന്ന് അനില്‍ കുംബ്ലെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സഞ്ജുവിനെ ചെന്നൈ കണക്കാക്കുന്നതെന്ന് ഗെയ്ക്വാദിന്റെ പേരു തന്നെ ക്യാപ്റ്റന്‍സിയിലേക്ക് പ്രഖ്യാപിച്ചതോടെ തെളിഞ്ഞിരിക്കുകയാണ്.
71 മത്സരങ്ങളില്‍ നിന്നായി ഗെയ്ക്വാദ് ചെന്നൈയ്ക്കായി ഇതുവരെ നേടിയിരിക്കുന്നത് 2502 റണ്‍സാണ്. 137.47 ആണ് സ്ട്രൈക്ക് റേറ്റ്. രണ്ടു സെഞ്ചുറികളും 20 അര്‍ധ സെഞ്ചുറികളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ 149 മത്സരങ്ങളില്‍ നിന്നായി 4027 റണ്‍സാണ് സഞ്ജുവിന്റെ മുതല്‍ക്കൂട്ട്. ഇക്കൂടെ രണ്ടു സെഞ്ചുറികളും 23 അര്‍ധ സെഞ്ചുറികളുമുണ്ട്.

