ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് കൂടുതൽ സുഗമവും ആയാസരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നൂതന സ്വയംനിയന്ത്രിത (ഓട്ടോണമസ്) സാങ്കേതികവിദ്യ പരീക്ഷിക്കുന്നു. പ്രമുഖ വിമാനത്താവള ഗ്രൗണ്ട് ഹാൻഡ്ലിങ് സേവന ദാതാക്കളായ ‘ഡനാറ്റ’യാണ് ടെർമിനലുകൾക്കുള്ളിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്.
വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ പരിശീലനം, കാര്യക്ഷമമായ ആസൂത്രണം, ഉയർന്ന സേവന നിലവാരം എന്നിവയ്ക്ക് മുൻഗണന നൽകിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ശാരീരിക വെല്ലുവിളികൾ നേരിടുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി ജീവനക്കാർക്ക് ഇതിനകം പ്രത്യേക പരിശീലനം നൽകിവരുന്നുണ്ട്. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ നിരന്തരം പരിശോധിച്ച്, ആവശ്യമായ ഇടങ്ങളിൽ കൂടുതൽ സേവനങ്ങളും ജീവനക്കാരുടെ സാന്നിധ്യവും ഉറപ്പാക്കും. ദുബൈ എയർപോർട്സുമായി സഹകരിച്ചാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന എക്സിബിഷനിലാണ് ഡനാറ്റ ഇതുസംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് വിമാനത്താവളത്തിലെ ഓരോ ഘട്ടവും കൂടുതൽ സുഖകരവും ലളിതവുമാക്കുന്നതിന് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡനാറ്റയിലെ ആക്സസിബിൾ ട്രാവൽ മാനേജർ മോസ സലീദ് അൽ മാഹി വ്യക്തമാക്കി.

