പൂജാ അവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക്; മൂന്ന് ദിവസത്തിനിടെ എത്തിയത് 73,000-ത്തിലധികം പേർ

ഇടുക്കി: പൂജാ അവധി ദിനങ്ങൾ ആഘോഷമാക്കാൻ കോടമഞ്ഞും കുളിരുമുള്ള ഇടുക്കിയുടെ മലയോരങ്ങളിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക്. മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങിയ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേ രാമക്കൽമേട്, ശ്രീനാരായണപുരം, പൊന്മുടി അടക്കമുള്ള ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ മാത്രം 73,000-ത്തിലധികം സഞ്ചാരികൾ എത്തിച്ചേർന്നു.

ജില്ലയിൽ ഇത്തവണ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ചത് പൈൻകാടുകളും പുൽമേടുകളുമുള്ള വാഗമണ്ണാണ്. വാഗമണ്ണിന് തൊട്ടുപിന്നാലെ മൂന്നാറും സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറി. വാഗമൺ മൊട്ടക്കുന്നുകളിൽ കഴിഞ്ഞ ദിവസം മാത്രം 8,213 പേരാണ് എത്തിയത്. വാഗമൺ അഡ്വഞ്ചർ പാർക്കിൽ 4,513 സന്ദർശകരുമെത്തി. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ 4,002 പേർ എത്തിയപ്പോൾ, രാമക്കൽമേട്ടിൽ 3,041 പേരും ശ്രീനാരായണപുരത്ത് 1,636 പേരും സന്ദർശനം നടത്തി.

ചരിത്രവും പ്രകൃതിഭംഗിയും തുളുമ്പുന്ന പാഞ്ചാലിമേട്ടിൽ 2,097 പേരും ഇടുക്കി ഹിൽവ്യൂ പാർക്കിൽ 1,216 പേരും ആമപ്പാറയിൽ 1,320 പേരുമാണ് അവധി ദിനങ്ങൾ ചെലവഴിക്കാനെത്തിയത്. പ്രധാന കേന്ദ്രങ്ങളിലെ തിരക്കിന് പുറമെ രാജാക്കാട് പൊന്മുടി, കള്ളിമാലി വ്യൂപോയിന്റ്, കനകുന്ന്, സേനാപതി മരച്ചുവട് വെള്ളച്ചാട്ടം തുടങ്ങിയ ശാന്തവും മനോഹരവുമായ ഉൾഗ്രാമങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പതിവിലധികം സഞ്ചാരികളുടെ സാന്നിധ്യമുണ്ടായി.

സംസ്ഥാനത്തിനകത്തുനിന്നും തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുടുംബങ്ങളും യുവാക്കളുമാണ് അവധിക്കാലം ആസ്വദിക്കാൻ കൂട്ടത്തോടെ ഇടുക്കിയിലെത്തിയത്. ടൂറിസം സീസൺ സജീവമായതോടെ ജില്ലയിലെ ഹോട്ടലുകളും ഹോംസ്റ്റേകളും അനുബന്ധ കച്ചവട സ്ഥാപനങ്ങളും വലിയ ഉണർവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *