കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ രവീന്ദ്ര ജഡേജയ്ക്ക് കാര്യം വെറും ഇരുപത്തേഴ് റണ്‍സ് മാത്രമാണ് സ്വന്തം പേരില്‍ കുറിക്കാനായതെങ്കിലും ഈ 27 റണ്‍സില്‍ മറ്റൊരു വലിയ നേട്ടം സ്വന്തം പേരില്‍ കുറിക്കാനുള്ള അവസരമാണ് ഒളിച്ചിരുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നാലായിരം റണ്‍സും 300 വിക്കറ്റും എന്ന അപൂര്‍വ നേട്ടമാണ് ഈ ഇരുപത്തേഴിലെ വെറും പത്തു റണ്‍സ് കൊണ്ട് താരം നേടിയത്. ഇതുവരെ ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റു മൂന്നു താരങ്ങള്‍ മാത്രമാണുള്ളത്-കപില്‍ ദേവ്, ഇയാന്‍ ബോതം, ഡാനിയല്‍ വെട്ടോറി. ഇവരെ എലൈറ്റ് ലിസ്റ്റ് എന്നാണു വിളിക്കുന്നത്. ഇനി മുതല്‍ ജഡേജയും എലൈറ്റ് ലിസ്റ്റിലാണുള്ളത്.
കരിയറില്‍ ജഡേജ കളിക്കുന്ന എണ്‍പത്തെട്ടാം ടെസ്റ്റാണ് കൊല്‍ക്കത്തയിലേത്. നിലവില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍ കൂടിയാണ് രവീന്ദ്ര ജഡേജ. ഇന്ത്യയുടെ ആദ്യ ഇന്നിങ്സില്‍ നാലായിരം തികയ്ക്കാന്‍ പത്തു റണ്‍സിന്റെ മാത്രം കുറവുമായാണ് ജഡേജ ബാറ്റിങ്ങിനിറങ്ങിയത്. അതിവേഗം അതു കൈവരിക്കുകയും ചെയ്തു. കരിയറില്‍ ഇതുവരെ ആറു സെഞ്ചുറികളും 27 അര്‍ധ സെഞ്ചുറികളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരു കളിയില്‍ തന്നെ അഞ്ചു വിക്കറ്റ് വീഴിക്കുന്ന നേട്ടം പതിനഞ്ചു തവണ സ്വന്തമാക്കുകയും ചെയ്തു.

ജഡേജയുടെ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ അനദര്‍ പ്ലാനറ്റ് എന്നെഴുതിയ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചാണ് ഐസിസി ഈ നേട്ടം ആഘോഷിച്ചത്.

