സിഡ്‌നി: ദേശീയ ടെന്നിസ് ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നു പുറത്താക്കിയതായി പരാതി. ഇന്ത്യന്‍ വംശജരായ ലാവണ്യ, ഹരി എന്നിവരുടെ പുത്രനായ ആരവ് എന്ന പന്ത്രണ്ടുകാരനെയാണ് നോര്‍ത്ത് പരമാറ്റയിലെ റെഡീമര്‍ ബാപ്റ്റിസ്റ്റ് സ്‌കൂളില്‍ നിന്നു പുറത്താക്കിയത്. ടെന്നിസ് ഓസ്‌ട്രേലിയയുടെ ഇന്‍വിറ്റേഷണല്‍ ഏജ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാണ് ആരവ് ക്ലാസ് നഷ്ടപ്പെടുത്തി പോയത്. എന്നാല്‍ രണ്ടു ദിവസത്തെ മത്സരങ്ങള്‍ കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണുണ്ടായത്. സ്‌കൂളിന്റെ തീരുമാനം കേട്ടതും തങ്ങള്‍ ഞെട്ടിപ്പോയെന്നാണ് ലാവണ്യയും ഹരിയും പറയുന്നത്.
ഇതുസംബന്ധിച്ച് പരാതിയുമായി ഇവര്‍ സ്‌കൂളിലെത്തിയെങ്കിലും അതൊന്നും കേള്‍ക്കുന്നതിന് പ്രിന്‍സിപ്പല്‍ തയാറായതേയില്ല. പകരം സ്‌കൂളിന്റെ ഹാന്‍ഡ് ബൂക്ക് എടുത്തുകൊടുത്ത ശേഷം ഇവരോടു വായിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌കൂള്‍ സംബന്ധമല്ലാത്ത എന്തു പരിപാടിക്കു പോകുന്നതിനും മുമ്പായി കുട്ടികളുടെ രക്ഷിതാക്കള്‍ നേരിട്ടു സ്‌കൂളിലെത്തി അനുവാദം വാങ്ങണമെന്നായിരുന്നു ഹാന്‍ഡ് ബുക്കിലുണ്ടായിരുന്നത്. എന്നാല്‍ പഠനവും കായിക വിനോദവും ഒരുപോലെ ശ്രദ്ധയോടെയാണ് ആരവ് കൊണ്ടുപോകുന്നതെന്ന് ഹരിയും ലാവണ്യയും പറഞ്ഞെങ്കിലും പ്രിന്‍സിപ്പല്‍ സ്വന്തം നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. ഏതായാലും മറ്റൊരു സ്‌കൂളില്‍ ആരവിന് അഡ്മിഷന്‍ ശരിയായതോടെയാണ് ഹരിക്കും ലാവണ്യയ്ക്കും സമാധാനമായത്.

